ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് അതിനാണെന്നും ശാരദ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടിലെ കാര്യങ്ങളെ കുറിച്ച് ഓർമയില്ലെന്നും ശാരദ പറയുന്നു.
അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓർമയില്ലെന്നാണ് നടി ശാരദ പറയുന്നത്. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവർക്ക് ഒരു ജോലി ആവും. താൻ സിനിമ വിട്ടിട്ട് 15 വർഷമായെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയില്ലെന്നും ശാരദ പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു. റിപ്പോർട്ടിലെ ശാരദയുടെ വിവാദ പരാമർശങ്ങളിൽ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. മുൻ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയും ചലച്ചിത്ര നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവർ കമ്മിറ്റിയിലെ മറ്റു അംഗങ്ങളും ആയിരുന്നു.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.