ഞാന്‍ ഒളിച്ചോടിയിട്ടില്ല, ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് ഞങ്ങള്‍ അന്യരായി പോയത് എന്നിങ്ങനെ വൈകാരികമായി പ്രതികരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ രംഗത്തെത്തിയത്. പൊലീസ് കേസ് അന്വേഷിക്കട്ടെ, ശിക്ഷാവിധി കോടതി തീരുമാനിക്കട്ടെ എന്നാണ് ഇന്ന് മൗനം അവസാനിപ്പിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞതിന് ശേഷമുള്ള സൂപ്പര്‍ താരങ്ങളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആദ്യം ആരോപണങ്ങളും പരാതികളുമായി എത്തിയത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. പിന്നാലെ പ്രമുഖ മുതിര്‍ന്ന നടിമാരും ആരോപണങ്ങളുമായി എത്തിയിട്ടുണ്ട്. സിദ്ദിഖ് മുതല്‍ ജയസൂര്യ വരെയുള്ള താരങ്ങള്‍ക്കെതിരെയും സംവിധായകന്‍ ഹരിഹരന്‍ അടക്കമുള്ളവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതികള്‍ എത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ ഉയരാന്‍ ആരംഭിച്ചതോടെ പ്രതികരിക്കാന്‍ തയാറാകാതെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് മോഹന്‍ലാല്‍ രാജി വച്ചു.
പിന്നാലെ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജി വയ്ക്കുകയും ചെയ്തു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മോഹന്‍ലാല്‍ മൗനം വെടിയുമെന്നാണ് ഇന്നലെ നടന്ന കേരള ക്രിക്കറ്റ് ലീഗിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വിചാരിച്ചിരുന്നതെങ്കിലും ആരോപണങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞു കൊണ്ടുള്ള സ്വാഭാവികരിക്കുന്ന പ്രതികരണമായിരുന്നു താരം നടത്തിയത്. മാത്രമല്ല ഹേമാ കമ്മിറ്റിയില്‍ പറയുന്ന പവര്‍ഗ്രൂപ്പിനെ കുറിച്ച് അറിയില്ല, അതില്‍ ഞാനില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയും താരം ചെയ്തു. ഇതേ അഭിപ്രായം തന്നെയാണ് ഒരുപാട് നാളത്തെ തന്റെ മൗനം വെടിഞ്ഞു കൊണ്ട് മമ്മൂട്ടിയും വ്യക്തമാക്കിയത്. ”സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
നടന്‍ പൃഥ്വിരാജും സമാനമായൊരു അഭിപ്രായമായിരുന്നു പറഞ്ഞത്. ”പവര്‍ഗ്രൂപ്പ് ഇല്ല എന്ന് എനിക്ക് അവകാശപ്പെടാന്‍ കഴിയില്ല, കാരണം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല” എന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതോടെ കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2017ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ചര്‍ച്ചയാവുകയാണ്. മലയാള സിനിമയിലെ ചില സംഘടനകളും താരങ്ങളും ചേര്‍ന്ന് അവര്‍ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് അനൗദ്യോഗിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്നു എന്നതായിരുന്നു കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി നടത്തിയ ഈ അന്വേഷണത്തിന് പിന്നാലെ അന്ന് അമ്മ സംഘടനയ്ക്ക് 4.65 ലക്ഷം രൂപയുടെ പിഴയും ചുമത്തിയിരുന്നു. വര്‍ഷങ്ങളായി അമ്മ അസോസിയേഷന്‍ തങ്ങളുടെ ബൈലോ ലംഘിക്കുന്നതായും കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍ പറയുന്നത്.
അതേസമയം, മലയാള സിനിമയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങള്‍ക്ക് വളരെ ലളിതമായി ഒരു മറുപടി നല്‍കി പോവുക മാത്രമാണ് താരസംഘടനയുടെ പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാലും, എന്തിനും പ്രതികരിക്കുന്ന മമ്മൂട്ടിയും നല്‍കി പോയത്. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി പറഞ്ഞിട്ടുമില്ല. ”എനിക്ക് ഉത്തരങ്ങളില്ല, ഞാന്‍ എന്താണ് പറയേണ്ടത്” എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ മറുപടികള്‍ പ്രതീക്ഷിച്ചിരുന്ന ഒരു സമൂഹത്തെയാകെ വഞ്ചിച്ചതു പോലെയാണ്.