വിവാദമായി രാഹുൽ ഗാന്ധി- ഇൽഹാൻ ഉമർ കൂടിക്കാഴ്ച, കടുത്ത വിമർശനവുമായി ബിജെപി; ആരാണ് രാഹുൽ കണ്ട ഇൽഹാൻ ഉമർ?

വിവാദമായി രാഹുൽ ഗാന്ധി- ഇൽഹാൻ ഉമർ കൂടിക്കാഴ്ച, കടുത്ത വിമർശനവുമായി ബിജെപി; ആരാണ് രാഹുൽ കണ്ട ഇൽഹാൻ ഉമർ?

അമേരിക്കൻ സന്ദര്‍ശനത്തിനിടെ രാഹുൽ ഗാന്ധി നടത്തുന്ന ആർഎസ്എസ്- മോദി വിരുദ്ധ പ്രസംഗങ്ങൾ ബിജെപി നേതാക്കളെ ചെറിയ രീതിയിൽ ഒന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. വിദേശത്ത് പോയാൽ രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധി പതിവാക്കുകയാണെന്നാണ് അമിത് ഷാ ഇന്നലെ പ്രതികരിച്ചത്. ഇപ്പോഴിതാ അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മിനസോട്ടയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗവുമായ ഇല്‍ഹാന്‍ ഒമറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച ബിജെപി വൻ വിവാദമാക്കിയിരിക്കുകയാണ്.

ഇല്‍ഹാന്‍ ഒമറുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച കടുത്ത ഇന്ത്യാ വിരുദ്ധയെന്നാണ് ബിജെപിയുടെ ആരോപണം. ഇൽഹാൻ ഉമർ- രാഹുൽ കൂടിക്കാഴ്ച ബിജെപിയെ ചൊടിപ്പിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വിവേചനത്തിനിരയാവുന്നു എന്ന കടുത്ത വിമര്‍ശനമുന്നയിക്കുന്ന ആളാണ് ഇല്‍ഹാന്‍ ഒമര്‍. കേന്ദ്രസർക്കിനെതിരെയും ബിജെപിക്കെതിരെയും 2019 മുതൽ ഇല്‍ഹാന്‍ ഒമര്‍ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

സൊമാലിയന്‍ വംശജയായ യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. 2019ലായിരുന്നു ഇന്ത്യക്കെതിരായ ഇല്‍ഹാന്‍ ഒമറിന്റെ ആദ്യ വിമര്‍ശനം. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ആഞ്ഞടിച്ച ഇല്‍ഹാന്‍, ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശിച്ചു.

2022 ജൂണില്‍ ഇല്‍ഹാന്‍ ഒമര്‍ പാകിസ്ഥാൻ സന്ദർശിച്ചു. അന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടക്കമുള്ള നേതാക്കളെ സന്ദര്‍ശിച്ച അവർ പാക് അധീന കശ്മീരില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ അവർ ഇന്ത്യയുടെ കണ്ണിലെ കരടായി. ഇല്‍ഹാന്റെ നടപടി അപലപനീയമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

2022 ജൂണില്‍ മതസ്വാതന്ത്ര്യം ലംഘിക്കുന്ന രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ഇല്‍ഹാന്‍ പ്രമേയം അവതരിപ്പിച്ചു. 2023 ല്‍ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തിയപ്പോള്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു. അന്ന് മോദിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് ഇല്‍ഹാന്‍ പ്രതിഷേധമറിയിച്ചു. 2023 ൽ സെപ്റ്റംബറില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണത്തിന് അമേരിക്ക പൂര്‍ണപിന്തുണ നല്‍കണമെന്ന് ഇല്‍ഹാന്‍ ആവശ്യപ്പെട്ടു. ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരേയും ഇല്‍ഹാന്‍ രംഗത്തെത്തിയിരുന്നു.

1990ല്‍ സൊമാലിയയില്‍ യുദ്ധം ശക്തമായ കാലത്ത് തന്റെ എട്ടാം വയസിലാണ് ഇല്‍ഹാനും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയത്. 1997ലാണ് മിനിയപോളിസില്‍ എത്തിയത്. പോളിസി അനലിസ്റ്റ്, ഓര്‍ഗനൈസര്‍, അഭിഭാഷക, കമ്മ്യൂണിറ്റി എജ്യുക്കേറ്റര്‍, പോളിസി ഫെലോ അങ്ങനെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ഇല്‍ഹാന്‍.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *