അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിലെത്തിച്ചേർന്നിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാൽ, 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് സൂചനകൾ. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാർത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്ജ യശങ്കർ മുമ്പ് പറഞ്ഞത്.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.