ഇന്ന് (സെപ്റ്റംബര്‍ 19) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുകയാണ്. 2025ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനമാണ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ശേഷം ഗൗതം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണിത്.
ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍, ഇംഗ്ലണ്ടിനെതിരെ ഗംഭീരമായ അരങ്ങേറ്റ പരമ്പര സ്വന്തമാക്കിയ സര്‍ഫറാസ് ഖാന്റെ സ്ഥാനത്ത് കെഎല്‍ രാഹുല്‍ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തുമോ എന്നതായിരുന്നു ഏറ്റവും വലിയ ചോദ്യം. ഇരുവരില്‍ ആരൊക്കെ പ്ലെയിംഗ് ഇലവനിലുണ്ടാകുമെന്ന് ആദ്യ മത്സരം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍, ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും മടങ്ങിയെത്തുന്ന ഋഷഭ് പന്തിനും കെഎല്‍ രാഹുലിനും വഴിയൊരുക്കേണ്ടിവരുമെന്ന് ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു. അവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ആരെയും കൈവിടുന്നില്ല. ഇലവനു യോജിച്ച കളിക്കാരെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. ജൂറല്‍ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ പന്ത് വരുമ്പോള്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടിവരും. സര്‍ഫറാസിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അവസരങ്ങള്‍ ഉണ്ടാകും, പക്ഷേ കാത്തിരിക്കൂ- ഗംഭീര്‍ പറഞ്ഞു.