ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ദയനീയ പ്രകടനനമാണ് കാഴ്ചവെച്ചത്. 6, 17 റണ്‍സ് എന്നിങ്ങനെയാണ് രണ്ടിംന്നിംഗ്‌സുകളിലായുള്ള താരത്തിന്റെ സ്‌കോര്‍. ഹസന്‍ മഹ്‌മൂദ് അദ്ദേഹത്തെ ആദ്യ ഇന്നിംഗ്സില്‍ പുറത്താക്കി, രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് സ്പിന്നര്‍ മെഹിദി ഹസന്‍ മിറാസ് അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തി.
കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരത്തിന്റെ തിരിച്ചുവരവാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. പക്ഷേ ഗെയിമിന് മുമ്പായി നെറ്റ്‌സില്‍ അദ്ദേഹത്തിന് വലിയ തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നതനുസരിച്ച്, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ നെറ്റ്സില്‍ 15 പന്തുകള്‍ നേരിട്ട അദ്ദേഹം നാല് തവണ പുറത്തായി.
സ്പിന്‍ ത്രയങ്ങളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും പന്തെറിയുന്ന മറ്റൊരു വലയിലേക്ക് കോഹ്ലി നീങ്ങിയെങ്കിലും അദ്ദേഹത്തിന് രക്ഷയുണ്ടായില്ല. കോഹ്ലി ജഡേജയെ അടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ഇന്‍സൈഡ്-ഔട്ട് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാര്‍ ബാറ്ററിന് മൂന്ന് തവണ പന്ത് പൂര്‍ണ്ണമായും മിസ്സായി. ഇത് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് അക്‌സറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്നീട് ശുഭ്മാന്‍ ഗില്ലിന് വഴിമാറിയ കോഹ്‌ലി നെറ്റ്‌സില്‍ നേരിട്ട അവസാന പന്തായിരുന്നു അത്.