തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എംആർ അജിത് കുമാർ, ഉടൻ റിപ്പോർട്ട് സമർപ്പിക്കും

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എംആർ അജിത് കുമാർ, ഉടൻ റിപ്പോർട്ട് സമർപ്പിക്കും

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാക്കി എഡിജിപി എംആർ അജിത് കുമാർ. ചെന്നൈയിൽ നിന്നും മുഖ്യമന്ത്രി തിരിച്ചെത്തിയാൽ എഡിജിപി അജിത് കുമാർ റിപ്പോർട്ട് നൽകും. ഡിജിപിക്കും റിപ്പോർട്ട് സമർപ്പിക്കും. വിവാദങ്ങൾക്കിടയിലാണ് എഡിജിപി അന്വേഷണം പൂർത്തിയാക്കിയത്.

അന്വേഷണത്തിന്റെ ഭാഗമായി മുൻ കമ്മീഷണർ അങ്കിത് അശോകിൻ്റെ മൊഴി കഴിഞ്ഞ ദിവസം വീണ്ടും രേഖപ്പെടുത്തിയിരുന്നു. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന് വലിയ വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണർ കയർക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണർ നൽകിയ വിശദീകരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *