2024-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ് പ്രത്യേകം അഭിനന്ദിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സ്വതന്ത്രമായി സ്‌കോർ ചെയ്യാനുള്ള കഴിവ് രോഹിത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാല് സെഞ്ചുറികളുടെ സഹായത്തോടെ 1101 റൺസാണ് രോഹിത് ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഇതുവരെ നേടിയത്.
ഓസ്‌ട്രേലിയയിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് രോഹിത്തിന്റെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി. ഇന്ത്യൻ ഓപ്പണർക്കെതിരെ പന്തെറിയുന്നത് ബുദ്ധിമുട്ടാണെന്ന് ഹേസിൽവുഡ് സമ്മതിച്ചു. “അദ്ദേഹം മധ്യനിരയിലും ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിംഗ് സ്ലോട്ടിലും ബാറ്റ് ചെയ്തിട്ടുണ്ട്. രോഹിത് ഫാസ്റ്റ് ബൗളർമാരെ നന്നായി കളിക്കുന്നു. രതിര് ബോളർമാരുടെ വേഗവും സ്കില്ലും ഒന്നും അവന് വിഷയമല്ല. ഷോട്ടുകൾ കളിക്കാൻ മികച്ച രീതിയിൽ ഉള്ള ടൈമിങ്ങും അവനുണ്ട്. അദ്ദേഹത്തിന് പന്തെറിയുക ബുദ്ധിമുട്ട് തന്നെ.” താരം പറഞ്ഞു.
അതേസമയം, രോഹിത്, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരെ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ മൂന്ന് ഭീഷണികളാണെന്ന് നഥാൻ ലിയോൺ പറഞ്ഞു.
“രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവരായിരിക്കും ഓസ്‌ട്രേലിയക്ക് ഏറ്റവും വലിയ ഭീഷണി. ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, ജഡേജ എന്നിവരും മികച്ചവരാണ്. ഇന്ത്യയ്‌ക്ക് അവരുടെ നിരയിൽ മികച്ച താരങ്ങൾ ഉണ്ട്. അവർക്കെതിരെ കളിക്കുന്നത് വലിയ വെല്ലുവിളിയാണ്. അവരുടെ പ്രതിരോധത്തെ വെല്ലുവിളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല, അതിൽ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ട് തോൽവികളും ഉൾപ്പെടുന്നു.