അരവിന്ദ ഡിസില്‍വയും സനത് ജയസൂര്യയും പോലുള്ള മാവറിക്കുകളും കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനെയും പോലുള്ള അക്യുമുലേറ്റര്‍മാരും ഉയര്‍ന്ന് വന്നിട്ടുള്ള ലങ്കന്‍ മണ്ണില്‍ നിന്നും ഇതാ ഒരു മാണിക്യം ഉയര്‍ന്ന് വന്നിരിക്കുന്നു.. കാമിന്ദു മെന്‍ഡിസ്.
റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനോടൊപ്പം സാഹചര്യത്തിനനുസരിച്ച് സ്‌കോറിങ് വേഗതയില്‍ വരുത്തുന്ന ഷിഫ്റ്റും കാമിന്ദുവിനെ മറ്റു കളിക്കാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുണ്ട്..
8 മാച്ചുകള്‍ ; വെറും 13 ഇന്നിങ്‌സുകള്‍; അതില്‍ 5 സെഞ്ച്വറി, 4 അര്‍ധ സെഞ്ച്വറി, 84 ശരാശരി കളിച്ച ആദ്യ 8 മാച്ചുകളിലും അര്‍ധ സെഞ്ച്വറി നേടിയ ആദ്യ ബാറ്റര്‍.. ആദ്യ 5 സെഞ്ച്വറികള്‍ നേടുന്നതിന് ഏറ്റവും കുറവ് ഇന്നിങ്‌സ് കളിച്ചവരില്‍ ലെജന്‍ഡറി കളിക്കാരായ ഡോണ്‍ ബ്രാഡ്മാനും ജോര്‍ജ് ഹെഡ്‌ലിക്കും ഒപ്പമെത്തിയിരിക്കുകയാണ് കാമിന്ദു..
ബംഗ്ലാദേശിലെ സ്പിന്‍ ട്രാക്കുകളില്‍ നേടിയ സെഞ്ച്വറികളും ഇംഗ്ലണ്ടിലെ സ്വിങ് ട്രാക്കില്‍ നേടിയ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറികളും ഈ ചുരുങ്ങിയ മാച്ചുകളില്‍ തന്നെ കാമിന്ദുവിനെ ഒരു ഓള്‍ ട്രാക്ക്, ഓള്‍ വെതര്‍ ബാറ്റര്‍ ആയി അടയാളപ്പെടുത്തുന്നുണ്ട്. 7-ാം നമ്പറില്‍ ബാറ്റ് ചെയ്ത് കരിയര്‍ തുടങ്ങിയ കാമിന്ദു 5-ാം നമ്പറില്‍ ഇനി ശ്രിലങ്കയുടെ എന്‍ഫോഴ്‌സര്‍ ആയി ഉണ്ടാകും.
ഒരുപാട് നാളത്തെ തകര്‍ച്ചക്ക് ശേഷമുള്ള ശ്രീലങ്കയുടെ ഉയിര്‍ത്തെഴുനേല്‍പ്പില്‍ ഒരു പ്രധാന റോള്‍ വഹിക്കാന്‍ കാമിന്ദു മെന്‍ഡിസിന് കഴിയട്ടെ..