ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാരോട് ഉടന്‍ ലബനാന്‍ വിടാന്‍ അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.
അടിയന്തര പലായനം ആവശ്യമായി വന്നാല്‍ തരണം ചെയ്യാനായി എഴുനൂറോളം സൈനികരെ ദ്വീപ് രാഷ്ട്രമായ സൈപ്രസില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് ലബനാനിലുള്ളത്. ഇവരുടെ സുരക്ഷയാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ വിമാന കമ്പനികള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ,എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, ഫൈ ദുബായ് തുടങ്ങി 14 കമ്പനികളാണ് വിമാന സര്‍വീസ് റദ്ദാക്കിയത്.
ടെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ദുബായ് – ബെയ്റൂട്ട് എമിറേറ്റ്സ് സര്‍വീസുകളും നിര്‍ത്തലാക്കി. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ 564 പേര്‍ കൊല്ലപ്പെട്ടു. 1842 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.