മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെയുള്ള ഗുരുതര ആരോപണങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.
ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
അതേസമയം തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എഡിജിപി എംആർ അജിത് കുമാർ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് നൽകുന്നത്.
മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എംആർ അജിത് കുമാർ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. പൂർണ ഉത്തരവാദിത്വം കമ്മീഷണറിൽ മാത്രം ഒതുക്കുമോ, മറ്റെന്തെങ്കിലും ശുപാർശ എഡിജിപിയുടെ റിപ്പോർട്ടിലുണ്ടാകുമോയെന്നാണ് അറിയേണ്ടത്.