കേരള ക്രിക്കറ്റ് ലീഗിലെ ആവേശകരമായ രണ്ടാം മല്‍സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മഴ നിയമപ്രകാരമാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ വിജയം.
മഴ കാരണം പലതവണ കളി തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ഡിഎല്‍എസ് നിയമപ്രകാരം വിജയികളെ നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സ് 14.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സിലെത്തി നില്‍ക്കെ മഴമൂലം മത്സരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
മഴനിയമപ്രകാരം ജയിക്കാന്‍ വേണ്ട സ്‌കോറിനേക്കാള്‍ ഒരു റണ്‍സ് അധികമെടുത്ത റോയല്‍സിനെ പിന്നീട് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന്റെ തുടക്കംപാളിയിരുന്നു. ഓപണര്‍മാരായ വിഷ്ണുരാജും അമീര്‍ഷായും പൂജ്യത്തിന് പുറത്തായി. ടൈഗേഴ്‌സ് ക്യാപ്റ്റന്‍ ബേസില്‍ തമ്പിയാണ് തുടക്കത്തില്‍ തന്നെ ഇരട്ടപ്രഹരമേല്‍പ്പിച്ചത്.
19 പന്തില്‍ 22 റണ്‍സെടുത്ത ജോഫിന്‍ ജോസാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. രോഹന്‍ പ്രേം 14 റണ്‍സിന് പുറത്തായതോടെ റോയല്‍സ് നാലിന് 45 എന്ന നിലയിലായി. 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്തിന്റെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്. ഇതോടെ വീണ്ടും മഴയെത്തി. കളി നിര്‍ത്തിവയ്ക്കുമ്പോള്‍ 24 റണ്‍സോടെ ഗോവിന്ദ് പൈ റോയല്‍സിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു. ഗോവിന്ദ് പൈയും അബ്ദുല്‍ ബാസിതും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊച്ചി ടൈഗേഴ്‌സിനായി ഓപണര്‍ ജോബിന്‍ ജോബി 34 പന്തില്‍ 48 റണ്‍സെടുത്ത് ടോപ് സ്‌കോററായി. അനൂജ് ജോട്ടിന്‍
20 പന്തില്‍ 25 റണ്‍സെടുത്തു. ബേസില്‍ തമ്പി 14 റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം തികയ്ക്കാനായില്ല. ഒരു ഘട്ടത്തില്‍ ടൈഗേഴ്‌സ് ഏഴിന് 93 എന്ന നിയില്‍ കൂപ്പുകുത്തിയിരുന്നു.
ട്രിവാന്‍ഡ്രം റോയല്‍സിനായി നായകന്‍ അബ്ദുല്‍ ബാസിത് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. അബ്ദുല്‍ ബാസിത് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. അഖിന്‍ സത്താറും വിനോദ് കുമാറും ഓരോ വിക്കറ്റെടുത്തു.
ലീഗിലെ ആദ്യ മല്‍സരത്തില്‍ ആലപ്പി റിപ്പ്ള്‍സ് അഞ്ച് വിക്കറ്റിന് തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ആലപ്പി 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തില്‍ 92 റണ്‍സെടുത്ത് കളിലെ കേമനായി.
ഇന്ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ആദ്യ മല്‍സരത്തില്‍ രോഹന്‍ എസ് കുന്നുമ്മല്‍ നയിക്കുന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് സച്ചിന്‍ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയിലേഴ്സിനെ നേരിടും. മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സും അബ്ദുല്‍ ബാസിത് നയിക്കുന്ന തിരുവനന്തപുരം റോയല്‍സും തമ്മിലാണ് രണ്ടാം മല്‍സരം. വൈകീട്ട് 6.45നാണ് ഈ മല്‍സരം ആരംഭിക്കുക.