‘വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ബ്രഹ്മരക്ഷസ്, നഗ്നപൂജ പ്രതിവിധി’; സമ്മതമറിയിച്ച് ഭർത്താവ്, പൂജകൾ നടത്തിയിട്ടുണ്ടെന്ന് പ്രകാശൻ

‘വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ബ്രഹ്മരക്ഷസ്, നഗ്നപൂജ പ്രതിവിധി’; സമ്മതമറിയിച്ച് ഭർത്താവ്, പൂജകൾ നടത്തിയിട്ടുണ്ടെന്ന് പ്രകാശൻ

കോഴിക്കോട്: കേട്ടുകേൾവി മാത്രമായിരുന്ന ‘നഗ്നപൂജ’ എന്ന തട്ടിപ്പ് സംബന്ധിച്ച വാർത്തയാണ് കോഴിക്കോട് ജില്ലയിൽ നിന്ന് പുറത്തുവന്നത്. അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു തട്ടിപ്പാണ് നഗ്നപൂജ. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും ഐശ്വര്യവും സമ്പത്തും വന്നുചേരുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഈ ചതിക്ക് ആളുകളെ ഇരയാക്കുന്നത്.

അന്ധവിശ്വാസങ്ങൾക്ക് കേരളത്തിലും വേരോട്ടമുണ്ടെന്ന് വ്യക്തമാക്കിത്തരുന്നതായിരുന്നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലുണ്ടായ നരബലി. എറണാകുളം കാലടി സ്വദേശിനി റോസ്‍ലിൻ, തമിഴ്നാട് സ്വദേശിനി പത്മ എന്നിവരാണ് അന്ധവിശ്വാസത്തിൻ്റെ ഇരയായി കൊല ചെയ്യപ്പെട്ടത്. കേസിൽ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഒന്നാം പ്രതിയും ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരും രണ്ടും മൂന്നും പ്രതികളുമാണ്. റോസ്‍ലിനെയും പത്മയെയും ഷാഫി ഭഗവൽ സിങ്ങിൻ്റെ ഇലന്തൂരിലെ വീട്ടിൽ എത്തിക്കുകയും രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെ കൊല ചെയ്യുകയുമായിരുന്നു.

ഇലന്തൂർ നരബലി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുമ്പോഴും മറ്റൊരു തട്ടിപ്പ് കേസാണ് ഇപ്പോൾ ചർച്ചയാകുന്നത്. താമരശേരിയിൽ യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് നഗ്നപൂജയ്ക്ക് നിർബന്ധിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയിൽ യുവതിയുടെ ഭർത്താവും സുഹൃത്തും ഉൾപ്പെടെ രണ്ടുപേരെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് വി ഷമീർ (34), അടിവാരം സ്വദേശിയായ പികെ പ്രകാശൻ (40) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം ബ്രഹ്മരക്ഷസ് ആണെന്ന് പറഞ്ഞാണ് ഭർത്താവ് ഷമീർ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചത്. യുവതിയുടെ ശരീരത്തിൽ രക്തരക്ഷസ് ഉണ്ടെന്നും ഈ സാന്നിധ്യം ഒഴിവാക്കാൻ നഗ്നപൂജയ്ക്ക് വിധേയമാക്കണമെന്നും ഭർത്താവിനെ അറിയിച്ചത് പ്രകാശനാണ്. ഈ വാക്കുകൾ വിശ്വസിച്ച് നഗ്നപൂജയ്ക്ക് ഭർത്താവ് നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ ഭർത്താവ് തന്നെ മർദ്ദിച്ചെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പൂജയ്ക്കിടെ യുവതി നഗ്നയാകണമെന്നും ഇതുവഴി ദമ്പതികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനും കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നുമാണ് പ്രകാശൻ ഷമീറിനെ വിശ്വസിപ്പിച്ചത്. പൂജ ഒഴിവാക്കിയാൽ അഞ്ച് വയസ്സ് തികയും മുൻപ് മകളുടെ ജീവൻ അപകടത്തിലാകുമെന്നും ദോഷം സംഭവിക്കുമെന്നും പ്രകാശൻ വിശ്വസിപ്പിച്ചിരുന്നു. നഗ്നപൂജ എന്ന ഷമീറിൻ്റെ ആവശ്യത്തോട് യുവതി എതിർപ്പറിയിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി അറിയിച്ചു. എന്നാൽ പൂജയുടെ പേരിൽ മർദ്ദനവും ഭീഷണിയും ശക്തമായതോടെ യുവതി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ഷമീർ വിദേശത്ത് ജോലിക്ക് ശ്രമം നടത്തിയെങ്കിലും ഇവ ഫലം കണ്ടിരുന്നില്ല. ജോലിക്കാര്യം ശരിയാകാത്തതിന് കാരണം പ്രേതബാധയാണെന്നാണ് പ്രകാശൻ ഷമീറിനോട് പറഞ്ഞിരുന്നത്. എന്നാൽ, മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് ദാമ്പത്യ തർക്കത്തിൻ്റെ കാരണമെന്നും വർഷങ്ങളായി ഭർത്താവിൽ നിന്ന് നിന്ന് ഗാർഹിക പീഡനം നേരിടുന്നുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. നാലുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. പ്രകാശനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വയനാട്ടിലടക്കം ഇത്തരം പൂജകൾ നടത്തിയിട്ടുണ്ടെന്നും പ്രകാശൻ അവകാശപ്പെട്ടിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *