തിരുവനന്തപുരം: പ്രതിമാസ വൈദ്യുതി ബിൽ ഏർപ്പെടുത്താൻ ആലോചിച്ചിട്ടില്ലെന്ന് കെഎസ്‌ഇബി. നിലവിൽ രണ്ട് മാസത്തിലാണ് കെഎസ്ഇബി ബില്ലിങ് നടത്തുന്നത്. ഇത് മാറ്റാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അത്തരം ആലോചനയില്ലെന്ന് ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലുള്ള ദ്വൈമാസ ബില്ലിങ് മാറ്റി മാസംതോറും ബിൽ നൽകണമെന്ന ആവശ്യം വൈദ്യുതി റെഗുലേറ്ററി കമീഷന്‍റെ പൊതുതെളിവെടുപ്പിൽ ഉയർന്നിരുന്നു. എന്നാൽ ഇത് ഗുണഭോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുമെന്ന നിലപാടാണ് കെഎസ്‌ഇബി സ്വീകരിച്ചിരിക്കുന്നത്.
139 ലക്ഷം വൈദ്യുതി ഉപയോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 1.46 ലക്ഷം വ്യാവസായിക ഉപയോക്താക്കൾക്കാണ് നിലവിൽ പ്രതിമാസം ബില്ല് നൽകുന്നത്. 1,05,54,000 ഗാർഹിക ഉപയോക്താക്കൾക്ക് ദ്വൈമാസ ബില്ലാണ് നൽകുന്നത്.
60 ഉപയോക്താക്കൾക്ക് ഒരുമീറ്റർ റീഡറും ഒരു ഓവർസിയറും രണ്ടു ലൈൻമാനുമാണ് കെഎസ്ഇബി സെക്ഷൻ ഓഫീസിലുള്ളത്. പ്രതിമാസ ബില്ലിങ് ഏർപ്പെടുത്തുകയാണെങ്കിൽ നിലവിലുള്ളതിന്‍റെ ഇരട്ടി ജീവനക്കാരെ നിയമിക്കേണ്ടിവരും. ജീവനക്കാരുടെ ശമ്പളം, മറ്റ് ഔദ്യോഗിക ചെലവുകൾ എന്നിവയും വൈദ്യുതി താരിഫിൽ പ്രതിഫലിക്കും.
രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിലൂടെ ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നെന്നും സ്ലാബ് മാറുന്നതിനാൽ അധികതുക നൽകണമെന്നുമാണ് ഉപയോക്താക്കളുടെ ആശങ്ക. എന്നാൽ ഉപയോഗിച്ച വൈദ്യുതിക്കാണ് ബിൽ. ഫിക്‌സഡ് ചാർജും എനർജി ചാർജും കൂട്ടിയുള്ള തുകയാണ് ഉപയോക്താവ് അടയ്‌ക്കുന്നത്. വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും ഫിക്‌സഡ് ചാർജ് നൽകണം. എന്നാൽ ഉപയോഗിച്ച വൈദ്യുതിയുടെ തുകയാണ് എനർജി ചാർജ്.
വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെഎസ്‌ഇബി നടത്തിയ തെളിവെടുപ്പുകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിവന്നിരുന്നു. ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷന്‍ വിശദീകരിച്ചിരുന്നു.
ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയം നടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റര്‍ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്ന് വൈദ്യുതി ബോർഡ് ആലോചിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. പതിവുപോലെ കെഎസ്‌ഇബി രണ്ടുമാസത്തിലൊരിക്കല്‍ വീടുകളില്‍ മീറ്റര്‍ റീഡിങ് നടത്തും.ഇടയ്ക്കുള്ള മാസത്തെ റീഡിങ്ങാണ് ഉപയോക്താവ് സ്വയം മീറ്റര്‍ പരിശോധിച്ച് കെഎസ്‌ഇബിയെ അറിയിക്കേണ്ടത്. അടുത്തമാസം മീറ്റര്‍ റീഡര്‍ വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ മുന്‍മാസത്തെ ഉപയോഗത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അത് ക്രമീകരിക്കുകയും ചെയ്യുന്ന രീതിയാണിത്.