ഇന്ത്യയുടെ ഇത്തവണത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായി കിരണ്‍ റാവുവിന്റെ ‘ലാപതാ ലേഡീസ്’. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് സിനിമ മത്സരിക്കുക. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് തീരുമാനം പ്രഖ്യാപിച്ചത്. നടന്‍ ആമിര്‍ ഖാനാണ് സിനിമയുടെ നിര്‍മ്മാതാവ്.
മലയാള സിനിമകളായ ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, കനി കുസൃതി-ദിവ്യ പിള്ള ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ പിന്തള്ളിയാണ് ലാപത ലേഡീസ് ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 29 ചിത്രങ്ങളില്‍ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുത്തത്.
വിവാഹിതരായ രണ്ട് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ വീടുകളിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാര്‍ച്ച് ഒന്നിന് തിയേറ്ററില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ ഏറെ ചര്‍ച്ചയാവുകയായിരുന്നു. ഏപ്രില്‍ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രതിഭ രത്ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.