ഇന്ന് നടന്ന എംഎൽഎസ് ടൂർണമെന്റിൽ ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തിൽ കൊളംബസിനെതിരെ കരുത്തരായ ഇന്റർ മിയാമി 3-2 വിജയിച്ച് ആദ്യ എംഎൽഎസ് ഷീൽഡ് സ്വന്തമാക്കി. അർജന്റീനൻ ഇതിഹാസത്തിന്റെ 46 ആം കിരീട നേട്ടമാണ് ഇത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇന്റർ മിയാമി ലയണൽ മെസിയുടെ മികവിൽ 2 ഗോളുകൾ നേടി ലീഡ് ഉയർത്തിയിരുന്നു. കൂടാതെ 48 മിനിറ്റിൽ ലൂയിസ് സുവാരസും ഒരു ഗോൾ നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
എന്നാൽ രണ്ടാം പകുതി കൊളംബസിന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. അതിൽ രണ്ട് ഗോളുകൾ നേടാൻ മാത്രമേ ടീമിന് സാധിച്ചൊള്ളു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്റർ മിയാമി എംഎൽഎസ് ഷീൽഡ് സ്വന്തമാക്കുന്നത്. ക്ലബ് ഉടമയും മുൻ ഇതിഹാസ താരമായ ഡേവിഡ് ബെക്കാം ടീമിന്റെ പുതിയ നേട്ടത്തിൽ സോഷ്യൽ മീഡിയയിൽ സന്തോഷം പങ്ക് വെച്ചു.
ഡേവിഡ് ബെക്കാം പങ്ക് വെച്ച കുറിപ്പ് ഇങ്ങനെ:
” ഇന്നത്തെ ഗംഭീരമായ വിജയം തന്നെ ആണ്. ട്രോഫി നേടാൻ ഇനി ഒരു വിജയം കൂടെ”
കോപ്പ അമേരിക്കയിൽ നിന്നേറ്റ പരിക്ക് കൊണ്ട് രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് മടങ്ങി വരുന്നത്. മികച്ച ഫോമിൽ തന്നെ ആണ് മെസി ഇപ്പോൾ ഉള്ളത്. തന്റെ മടങ്ങി വരവിലെ ടൂർണമെന്റിൽ അമേരിക്കൻ ആരാധകർ കാത്തിരുന്ന സ്വപ്ന നേട്ടമായ എംഎൽഎസ് ഷീൽഡ് നേടിക്കൊണ്ട് രാജകീയമായിട്ടാണ് അദ്ദേഹം തന്റെ വരവറിയിച്ചത്.