ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ പരസ്പര ബഹുമാനവും വാത്സല്യവും സ്നേഹവും കാണിക്കുന്നത് കവിളുകളിൽ അല്ലെങ്കിൽ നെറ്റിയിൽ ഉമ്മവച്ചാണ്

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ പരസ്പര ബഹുമാനവും വാത്സല്യവും സ്നേഹവും കാണിക്കുന്നത് കവിളുകളിൽ അല്ലെങ്കിൽ നെറ്റിയിൽ ഉമ്മവച്ചാണ്. ചില സ്ഥലങ്ങളിൽ കവിളുകളിൽ മൂന്നു പ്രാവശ്യം മാറി മാറി ഉമ്മവയ്ക്കേണ്ടതുണ്ട്. ഇത് പരസ്പരം ചെയ്യുകയും വേണം. സ്വാഗതം ചെയ്യുമ്പോഴോ വിട ചൊല്ലുമ്പോഴോ ഈ രീതി അവലംബിക്കാം. ഹഗ് ചെയ്യുന്നത് മറ്റൊന്നാണ്. കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുന്നത് ലോകത്തെവിടേയും കണ്ടുവരുന്ന രീതിയാണ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കും ചുംബനം നൽകുന്നു. ഇത് സ്നേഹത്തിന്റെ പാരിതോഷികമായാണ് പലരും കരുതുന്നത്.

പ്രേമഭാവമുള്ള ചുംബനം
പ്രണയികൾ, ഭാര്യാ ഭർത്താക്കന്മാർ അല്ലെങ്കിൽ പങ്കാളികൾ അവരുടെ അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ചുംബിക്കുന്നതിനെയാണ് പ്രണയത്തോടെയുള്ള ചുംബനം എന്നു പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പങ്കാളികൾ അവരുടെ സ്നേഹം പരസ്യമായി ചുംബനത്തിലൂടെ പ്രകടിപ്പിക്കുന്നത് ഏറെ സ്വീകാര്യമാണ്. അവിടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞാൽ ഉടനെ പള്ളിയിൽ വച്ചു പുരോഹിതൻ പങ്കാളികളോട് സ്നേഹ ചുംബനം നൽകാൻ ആവശ്യപ്പെടാറുണ്ട്. ഇത് കാണുന്ന ജനങ്ങൾ ആഹ്ലാദത്തോടെ കയ്യടിക്കുന്നു.

ചുംബന വിരുദ്ധത
പൊതുവേ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലും ഇസ്ലാമിക മത ഭരണകൂടമുള്ള രാജ്യങ്ങളിലും ഇത്തരം ചുംബന രീതികൾ അശ്ലീലമായോ സദാചാര വിരുദ്ധമായോ മത വിരുദ്ധമായോ ആണ് കാണപ്പെടുന്നത്. പങ്കാളികൾ തമ്മിലുള്ള ചുംബനം ലൈംഗികതയുടെ ഭാഗമായി മാത്രം കാണുന്ന സമൂഹങ്ങളുണ്ട്. അതിനാൽ അത്തരത്തിൽ പരസ്യമായി ചുംബിക്കുന്ന ആളുകളെ ആക്രമിക്കുന്ന രീതി പലയിടത്തും കാണപ്പെടാറുണ്ട്. നമ്മുടെ നാട്ടിൽ ചുംബന രംഗങ്ങൾ ചിത്രീകരിച്ച വിവാഹ ഫോട്ടോ ഷൂട്ട് വീഡിയോയുടെ താഴെ തെറി വിളിക്കുന്ന സദാചാര പോലീസുകാരുടെയും അമ്മാവൻമാരുടേയും മത തീവ്രവാദികളുടെയും കമെന്റുകൾ ഒരു സാധാരണ കാഴ്ചയാണ്. എന്നാലും പുതിയ തലമുറ ഇത്തരം വെല്ലുവിളികളെ ധൈര്യപൂർവം നേരിടാൻ മുന്നോട്ട് വരുന്നുണ്ട്. അത് അഭിനന്ദനാർഹമാണ്.
