ഉറുഗ്വേയുടെ സമ്പന്നമായ സോക്കര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് (Luis Suarez) അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച പരാഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം രാജ്യത്തിനു വേണ്ടിയുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് സുവാരസ് സെന്റിനാരിയോ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ വിതുമ്പിയും കണ്ണീരോടെയുമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബാഴ്സലോണ, ലിവര്‍പൂള്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ക്കായി കളിച്ച സുവാരസ് ഇപ്പോള്‍ എംഎല്‍എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ്ബ് തലത്തില്‍ ഇന്റര്‍ മയാമിയായിരിക്കും തന്റെ അവസാന ക്ലബ്ബെന്ന് സുവാരസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ലയണല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ തുടങ്ങി തന്റെ മുന്‍ ബാഴ്സലോണ ടീമംഗങ്ങളും ഇന്റര്‍ മയാമിയിലുണ്ട്. ഗ്രെമിയോ, അജാക്‌സ്, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിലും സുവാരസ് കളിച്ചിരുന്നു.
2007ല്‍ 19ാം വയസ്സിലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2007 ഫെബ്രുവരി എട്ടിന് കൊളംബിയയ്ക്കെതിരായ ഈ മല്‍സരത്തില്‍ ഉറുഗ്വേ 3-1ന് വിജയിച്ചു. താമസിയാതെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.
37 കാരനായ സുവാരസ് ശ്രദ്ധേയമായ അന്താരാഷ്ട്ര കരിയറിനുടമയാണ്. 17 വര്‍ഷത്തിനിടെ 142 മത്സരങ്ങളില്‍ ദേശീയ ടീമിനായി ബൂട്ടണിഞ്ഞു. 69 ഗോളുകള്‍ നേടി രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോററായി.
നാല് ലോകകപ്പുകളിലും (2010, 2014, 2018, 2022) അഞ്ച് കോപ അമേരിക്ക ടൂര്‍ണമെന്റുകളിലും (2011, 2016, 2019, 2021, 2024) സുവാരസ് ഉറുഗ്വേക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്. 2011ല്‍ കോപ അമേരിക്ക കിരീടം നേടിയ ടീമിലും 2010ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും അംഗമായി.
‘എനിക്ക് 37 വയസ്സായി. അടുത്ത ലോകകപ്പ് കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അറിയാം. പരിക്കുകള്‍ കൊണ്ടല്ല വിരമിക്കുന്നത് എന്നത് ആശ്വാസകരമാണ്. വിരമിക്കല്‍ തീരുമാനം പ്രയാസകരം തന്നെ. പക്ഷേ, അവസാന ഗെയിം വരെ ഞാന്‍ എന്റെ എല്ലാം നല്‍കി. ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള ജ്വാല അല്‍പം പോലും അണഞ്ഞിട്ടില്ല എന്നത് എനിക്ക് മനസ്സമാധാനം നല്‍കുന്നു. കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമാണ് 2011ലെ കോപ അമേരിക്ക ട്രോഫി. കരിയറില്‍ നിരവധി കിരീടങ്ങള്‍ നേടാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്നാല്‍ ലോകത്തിലെ ഒന്നിനും കോപ അമേരിക്ക കിരീടത്തേക്കാള്‍ മികവില്ല’- ലൂയിസ് സുവാരസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍മാരില്‍ ഒരാളായി സുവാരസ് കണക്കാക്കപ്പെടുന്നു. ബാഴ്‌സലോണ, ലിവര്‍പൂള്‍, ഇന്റര്‍ മയാമി എന്നിവയ്ക്ക് പുറമേ ഗ്രെമിയോ, അജാക്‌സ്, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളിലും സുവാരസ് കളിച്ചിരുന്നു.