തന്റെ ഫുട്ബോൾ യാത്രയ്ക്ക് ഗംഭീരമായ പര്യവസാനം ലഭിച്ച് ഉറുഗ്വൻ ഇതിഹാസം ലൂയിസ് സുവാരസ് വിരമിച്ചു. 2026 ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്കാണ് താരം അവസാനമായി ബൂട്ട് ധരിച്ച് കളിക്കളത്തിൽ ഇറങ്ങിയത്. പക്ഷെ പരാഗ്വെയായിട്ടുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്.
തന്റെ അന്താരാഷ്ട്ര ഫുട്ബോൾ യാത്രയിൽ ടീമിന് വേണ്ടി 143 മത്സരങ്ങളിൽ നിന്നും 69 ഗോളുകൾ സ്വന്തമാക്കിയിരുന്നു സുവാരസ്. ഉറുഗ്വേയുടെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനുമാണ് അദ്ദേഹം. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ലൂയിസ് സുവാരസ് കാഴ്ച വെച്ചത്. ഇരുടീമുകളും ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും അതെല്ലാം ഡിഫൻഡറുമാരും ഗോൾ കീപ്പറുമാരും തടയുകയായിരുന്നു. മത്സരത്തിന്റെ 72 ആം മിനിറ്റിൽ ബ്രയാൻ റോഡ്രിഗ്സ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ ആക്കാൻ താരത്തിന് സാധിച്ചില്ല.
മത്സരത്തിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന സഹ താരങ്ങളോടും, എതിർ ടീമിനോടും വിട പറഞ്ഞ് രാജകീയമായി ലൂയിസ് സുവാരസ് പടിയിറങ്ങി. യോഗ്യത റൗണ്ടിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉറുഗ്വ നിൽക്കുന്നത്. ഒന്നാം സ്ഥാനത് അർജന്റീനയാണ്. ഏഴ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയും ഒരു സമനിലയും സ്വന്തമാക്കിയാണ് ഉറുഗ്വ രണ്ടാം സ്ഥാനത് നിൽക്കുന്നത്.