മലപ്പുറം നിപ: മരിച്ച യുവാവിന്‍റെ അമ്മയടക്കം 10 പേരുടെ പരിശോധനാ ഫലം പുറത്ത്; സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍

മലപ്പുറം നിപ: മരിച്ച യുവാവിന്‍റെ അമ്മയടക്കം 10 പേരുടെ പരിശോധനാ ഫലം പുറത്ത്; സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 10 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായി. മരിച്ച യുവാവിന്‍റെ കൂടെ ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് ഇന്നലെ പുറത്തുവന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന 26 പേരുടെ പരിശോധനാ ഫലമാണ് ആകെ നെഗറ്റീവായിത്. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്നലെ 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്‍റര്‍ വഴി മാനസിക പിന്തുണ നല്‍കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടിലാണ് കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. 0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ച് നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാം. മരണപ്പെട്ട 24കാരന്‍റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരും കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *