റീലുകളായി ഇന്‍സ്റ്റഗ്രാമില്‍, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്, അതും എച്ച്ഡി; തിയേറ്ററില്‍ തളരുമോ മാര്‍ക്കോ?

റീലുകളായി ഇന്‍സ്റ്റഗ്രാമില്‍, പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്, അതും എച്ച്ഡി; തിയേറ്ററില്‍ തളരുമോ മാര്‍ക്കോ?

മലയാളത്തിലെ മോസ്റ്റ് വയലന്റ് പടമായി എത്തിയ ‘മാര്‍ക്കോ’ ബോളിവുഡിലും തെലുങ്കിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ബോളിവുഡ് ചിത്രമായ ‘ബേബി ജോണി’ന് പ്രേക്ഷകര്‍ കയറാതായതോടെ ഈ സിനിമയുടെ ഷോകള്‍ മാറ്റി വച്ചാണ് നോര്‍ത്തില്‍ മാര്‍ക്കോയുടെ പ്രദര്‍ശനം നടക്കുന്നത്. തെലുങ്കില്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ സിനിമ 1.75 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. നിലവില്‍ 100 കോടിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ.

തിയേറ്ററുകളില്‍ ഗംഭീരമായി പ്രദര്‍ശനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വ്യാജന്‍മാരില്‍ നിന്നും മാര്‍ക്കോയ്ക്കും രക്ഷയില്ല. ടൊറൊന്റ്, ടെലിഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിന്റെ എച്ച്ഡി പ്രിന്റുകള്‍ അടക്കം എത്തിക്കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് പേജുകളിലും സിനിമയുടെ പല രംഗങ്ങളും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ടിഡി മൂവി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പല ഭാഗങ്ങളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൊറന്റിലും സിനിമ അപ്ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ തിയേറ്ററില്‍ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് വ്യാപകമായി പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്.

ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിര്‍മ്മാതാക്കളുടെയും സിനിമാസംഘടനകളുടെയും നിയമസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരം എന്നാണ് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അടുത്തിടെയായി തിയേറ്ററില്‍ റിലീസായ പല മലയാള ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ബറോസ്, റൈഫിള്‍ ക്ലബ്, എക്സ്ട്രാ ഡീസന്റ് എന്നിവയുടെയെല്ലാം വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയിരുന്നു. നേരത്തെ റിലീസായ സൂക്ഷ്മദര്‍ശിനിയുടെയും വ്യാജ പതിപ്പ് പുറത്തു വന്നിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *