ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് ഫൈനലിൽ കാലിന് ഗുരുതരമായ പരിക്കാണ് ലയണൽ മെസിക്ക് സംഭവിച്ചത്. ആങ്കിൾ ഇഞ്ചുറി ആണ് മെസിയെ അലട്ടുന്നത്. പരിക്ക് മൂലം ഒരുപാട് ഇന്റർ മിയാമി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇപ്പോൾ മെസി പരിക്കിൽ നിന്നും മുക്തി നേടി തിരികെ ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ്. പക്ഷെ അടുത്ത മത്സരം അദ്ദേഹത്തിന് നഷ്ടമാകും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. നാളെ രാവിലെയാണ് ഇന്റർ മിയാമിയും ഷിക്കാഗോയും തമ്മിലുള്ള മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ടീം സ്‌ക്വാഡിൽ ഇടം നേടാൻ ഇത് വരെ മെസിക്ക് സാധിച്ചിട്ടില്ല. എന്നാൽ ക്യാമ്പിലെ ട്രൈനിങ്ങിൽ മെസി പങ്കെടുത്തിരുന്നു. അതിനെ പറ്റിയുള്ള കാര്യങ്ങൾ പരിശീലകനായ ടാറ്റ മാർട്ടീനോ സംസാരിച്ചു.
ടാറ്റ മാർട്ടീനോ പറയുന്നത് ഇങ്ങനെ:
”അദ്ദേഹത്തിന് ഇപ്പോൾ എങ്ങനെയുണ്ട് എന്നുള്ളത് ഞങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കും. ഏകദേശം 6 ആഴ്ചയോളമായി അദ്ദേഹം പുറത്താണ്. തീർച്ചയായും മെസിയുടെ കാര്യത്തിൽ ഞങ്ങൾ ശാന്തരാവേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല ഒരു ആഴ്ച തന്നെയാണ്. ഗ്രൂപ്പിനോടൊപ്പം അദ്ദേഹം ട്രെയിനിങ് നടത്തുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് മെഡിക്കൽ എല്ലാം ക്ലിയർ ആയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുന്നത് ” ടാറ്റ മാർട്ടീനോ പറഞ്ഞു. മെസി വന്നതിന് ശേഷം ഇന്റർ മിയാമി 38 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ 18 എണ്ണത്തിൽ മാത്രമാണ് മെസി ടീമിനായി കളിച്ചത്. ബാക്കിയുള്ള മത്സരങ്ങൾ അവധികൾ കാരണവും, പരിക്കുകൾ കാരണവും അദ്ദേഹത്തിന് നഷ്ടമായിരുന്നു. മെഡിക്കൽ ക്ലിയറൻസ് കൂടെ കിട്ടി കഴിഞ്ഞാൽ അദ്ദേഹം തിരികെ കളിക്കളത്തിലേക്ക് എത്തും എന്നത് ഉറപ്പാണ്.