
എന്തിനൊക്കെയോ വേണ്ടിയുള്ള നെട്ടോട്ടമാണ് ശരിക്കും മധ്യവയസ്. ഒരുപക്ഷേ ജീവിക്കാന്‍ തന്നെ മറന്നുപോകുന്ന അവസ്ഥ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന സമയമെന്നു പച്ചമലയാളത്തില്‍ പറയാം. മലയാളികളില്‍ മധ്യവയസ്‌കരില്‍ അധികവും കൂടുതല്‍ സമയവും ചെലവഴിക്കുന്നതും ജോലിയുമായി ബന്ധപ്പെട്ട മേഖലയിലാണ്. ജോലിയിലെ അരക്ഷിതാവസ്ഥ, ഇഷ്ടമില്ലാത്ത ജോലി, പിരിമുറുക്കങ്ങള്‍, ഒരുപക്ഷേ തൊഴിലില്ലായ്മ, സഹപ്രവര്‍ത്തകരുമായുള്ള പ്രശ്നങ്ങള്‍ ഇവയെല്ലാം അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു.
പുരുഷന്മാരിലും സ്ത്രീകളിലും ഈ കാലഘട്ടത്തില്‍ വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാകാറുള്ളത്. അവരുടെ ജീവിതവീക്ഷണങ്ങളും വ്യത്യസ്ഥമായിരിക്കും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഒരുമിച്ചു കൈകാര്യം ചെയ്യേണ്ടിവരുന്ന ഒരു പ്രായം കൂടിയാണിത്. ഒപ്പം പങ്കാളിയുടെയും മക്കളുടെയും മാതാപിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തു പ്രവര്‍ത്തിക്കുന്നതിനും ജോലിക്കും സാമൂഹ്യജീവിതത്തിനുമെല്ലാം സമയം കണ്ടെത്തേണ്ട ഒരു കാലഘം. ഇതിനിടെ ലൈംഗികതയ്ക്ക് എന്തു പ്രാധാന്യം നല്‍കാനാകും എന്നത് ശരിക്കും ചിന്തിക്കേണ്ട ഒരു കാര്യമാണ്. മനസിനൊപ്പം ശരീരം വഴങ്ങാത്ത അവസ്ഥയാണ് ഈ പ്രായത്തില്‍ കണ്ടുവരുന്ന ഒരു പ്രശ്നം. രോഗങ്ങളുടെ കടന്നുവരവും മാനസികമായ സമ്മര്‍ദവും കൂടിയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട! ലൈംഗികതയും കൂടി ഇല്ലാതാകുമ്പോള്‍ ജീവിതം ആയാസമുള്ളതാകും. സ്ത്രീകളിലെ ആര്‍ത്തവ വിരാമവും ലൂബ്രിക്കേഷന്റെ കുറവും പുരുഷന്മാരിലെ വിരക്തിയും ഉദ്ധാരണക്കുറവുമെല്ലാം ഈ പ്രായത്തിലെ ചില ഘട്ടങ്ങളിലെ പ്രത്യേകതകളാണ്.

ലൈംഗികത വ്യക്തിയുടെ ശാരീരിക മാനസിക അവസ്ഥകളുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. പൊതുവേ ലൈംഗികതയെക്കുറിച്ചു തന്നെ സംസാരിക്കാന്‍ മടിക്കുന്ന ഒരു സമൂഹത്തില്‍ മധ്യവയസ്‌കരായ ആളുകളുടെ ലൈംഗികതയ്ക്ക് കാര്യമായ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല. ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിധാരണകള്‍ പേറുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. ലൈംഗികത എന്നത് ഒരു വ്യക്തിയുടെ മാത്രം കഴിവാണെന്നും, ലൈംഗിക പ്രശ്നങ്ങള്‍ പുറത്തു പറഞ്ഞാല്‍ അത് വലിയ മാനഹാനി ഉണ്ടാക്കുമെന്നും വിശ്വസിക്കുന്ന ഒരു സമൂഹം മധ്യവയസിലെ ലൈംഗികതയെ എങ്ങനെ കാണുമെന്നുള്ളത് ചിന്തിക്കാവുന്നതേയുള്ളൂ. മധ്യവയസില്‍ ലൈംഗികതയും ലൈംഗിക താല്‍പര്യവും കുറയുമെന്നും പിന്നീട് കുറഞ്ഞുകുറഞ്ഞ് ഈ താല്‍പര്യം നഷ്ടപ്പെടുമെന്നും അവര്‍ക്കു ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ലെന്നുമൊക്കെ വിശ്വസിക്കുന്നവരുണ്ട്. ലൈംഗികതയെയും മധ്യവയസിനെയും കുറിച്ചുള്ള മുന്‍വിധികളും തെറ്റായ കാഴ്ചപ്പാടുകളും ലൈംഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു തടസം നില്‍ക്കുന്നു. റിട്ടയര്‍മെന്റിനോടടുത്തെത്തി നില്‍ക്കുന്ന ഒരു വ്യക്തി ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണാന്‍ പോവുന്നത് ഒന്ന് സങ്കല്‍പിച്ചു നോക്കൂ. ഇതൊക്കെ കൊണ്ടുതന്നെ ലൈംഗിക പ്രശ്നങ്ങളെ ഉള്ളിലൊതുക്കി ജീവിക്കാനാണ് പലരും ശ്രമിക്കുക.

കുടുംബ കൗണ്‍സലിംഗിനു വരുന്ന മധ്യവയസ്‌കരായ മാതാപിതാക്കളില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നം ലൈംഗിക കാര്യങ്ങളോടുള്ള വിരക്തിയാണ്. പിള്ളേരെയൊക്കെ കെട്ടിക്കാറായി, ഇനി എന്ത് ലൈംഗികത എന്നു ചിന്തിക്കുന്നവരാണ് അധികവും. സാധാരണ കൗണ്‍സലിംഗുകളില്‍ ആദ്യമൊന്നും ഇക്കാര്യം വ്യക്തമാകാറില്ല. പരസ്പരമുള്ള വഴക്കുകളും ദേഷ്യവുമെല്ലാമാണ് പ്രധാനമായും ഉയര്‍ത്തിക്കാുന്നത്. എന്നാല്‍ അതിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ലൈംഗികതയിലെ പ്രശ്നങ്ങളാണ് മിക്ക കേസുകളിലും മുഖ്യകാരണമെന്നു മനസിലാകും. വിവാഹിതരായ മക്കളും മരുമക്കളുമായി പ്രശ്നങ്ങൾ, മക്കൾ പങ്കാളിയുമായി ജീവിക്കുന്നതിൽ താല്പര്യക്കുറവ്, മരുമകളോട് കലഹം എന്നിവും ഉണ്ടാകാം.
മധ്യവയസില്‍ വിഷാദ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറവാണെങ്കിലും ഉത്കണ്ഠയുള്ള ആളുകളില്‍ ലൈംഗിക ബുദ്ധിമുട്ടുകള്‍ കണ്ടുവരാറുണ്ട്. കുട്ടികളുടെ വിവാഹം, അവരുടെ വിദേശ രാജ്യങ്ങളിലോ ദൂരെ സ്ഥലങ്ങളിലോ ഉള്ള ജോലി, വീട്ടില്‍ തനിച്ചാകുന്ന അവസ്ഥ എന്നിവയെല്ലാം അനുഭവിക്കുന്ന മധ്യവയസ്‌കര്‍ നിരവധിയാണ്. റിട്ടയര്‍മെന്റിനോടടുക്കും തോറും സംഘര്‍ഷം അനുഭവിക്കുന്നവരും നിരവധി. റിട്ടയര്‍മെന്റിനോടക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദവും ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അടുപ്പത്തിലുള്ള പോരായ്മയും ആശയവിനിമയത്തിലെ തകരാറുകളും പ്രതികൂലമായ കുടുംബന്തരീക്ഷവുമൊക്കെ ലൈംഗിക താല്‍പര്യത്തെ ബാധിക്കാറുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്കണ്ഠ, ശാരീരിക മാനസിക അവസ്ഥകളെ സംബന്ധിക്കുന്ന അപകര്‍ഷതാ ബോധം, ജീവിത അവസ്ഥകളിലുള്ള മാറ്റങ്ങള്‍ ഇവയെല്ലാം ലൈംഗികതയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍ തന്നെയാണ്.

തികച്ചും ആരോഗ്യപരവും ഊഷ്മളവുമായ ലൈംഗിക ജീവിതം ആസ്വദിക്കേണ്ട കാലഘട്ടമാണ് മധ്യവയസ്. യൗനത്തിലെ അതേ ആസ്വാദ്യത മധ്യവയസിലും ലഭിക്കുമെന്ന ബോധ്യമാണ് ഏറ്റവും പ്രധാനം. ഈ ആത്മവിശ്വാസം ഓരോരുത്തരും ആര്‍ജിക്കേണ്ടതുണ്ട്. പ്രായമാകുംതോറും ലൈംഗിക താല്‍പര്യങ്ങള്‍ക്കു മാറ്റം വരുമെങ്കിലും അത് സ്വാഭാവികമാണെന്ന് തിരിച്ചറിഞ്ഞു ആസ്വാദ്യകരമായ രീതികള്‍ അവലംബിക്കുന്നത് ഗുണം ചെയ്യും. നമ്മള്‍ ആയിരിക്കുന്ന അവസ്ഥയെ പൂര്‍ണമായി ഉള്‍കൊള്ളുകയും പങ്കാളിയോട് കരുതലോടെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടാനും ശ്രമിക്കുക. ദമ്പതികളുടെ താല്‍പര്യവും വൈകാരിക അവസ്ഥയും അനുസരിച്ചു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുക. പരസ്പരം ലൈംഗിക താല്‍പര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതും പങ്കാളിയുടെ ശ്രമങ്ങളെ പരസ്പരബഹുമാനത്തോടെ പ്രോത്സാഹിപ്പിക്കുന്നതും ലൈംഗിക ബന്ധത്തെ ഊഷ്മളമാക്കും. ഉദ്ധാരണം ലഭിക്കാന്‍ യൗവ്വനത്തെ അപേക്ഷിച്ചു കാലതാമസം വന്നാലും പുരുഷനു ലൈംഗിക ആഗ്രഹങ്ങളില്‍ കുറവു വരുന്നില്ല. ആര്‍ത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളില്‍ ഒരുപക്ഷേ നീണ്ടുനില്‍ക്കുന്ന രതിപൂര്‍വകേളികളിലൂടെ മാത്രമേ ശരീരം ലൈംഗിക ബന്ധത്തിനു സജ്ജമാകൂ. അല്ലെങ്കിൽ വേദനയോ ബുദ്ധിമുട്ടോ അതുമൂലം വിരക്തിയോ ആകും ഫലം. യോനിവരൾച്ച ഉണ്ടെങ്കിൽ ഒരു മെഡിക്കൽ സ്റ്റോറിൽ പോയി കെവൈ ജെൽ പോലെയുള്ള നല്ല ലൂബ്രിക്കൻറ്റുകൾ വാങ്ങി ഉപയോഗിക്കാം. എന്നാൽ ഇത് ചോദിച്ചു വാങ്ങാൻ പോലും പലർക്കും നാണക്കേടാണ്.
ഒന്നു മനസുവച്ചാല്‍ മധ്യവയസിലും ലൈംഗികത ആഘോഷത്തിന്റെ ഒരു കാലഘട്ടമായി മാറ്റാന്‍ സാധിക്കും. ഏറ്റവുമധികം ലൈംഗിക പരീക്ഷണങ്ങളുടെ കാലം കൂടിയാണ് മധ്യവയസ്. പരസ്പരം ചര്‍ച്ച ചെയ്തു അനുയോജ്യമായവ തെരഞ്ഞെടുത്ത് പ്രാവര്‍ത്തികമാക്കുക. പങ്കാളിയുടെ ലൈംഗികതയിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അതുപോലെതന്നെ ശരീരത്തിലെ ഉദ്ദീപന കേന്ദ്രങ്ങളും ശരിയായി മനസിലാക്കി പെരുമാറുന്നത് ലൈംഗിക ബന്ധത്തെ കൂടുതല്‍ തനിമയുള്ളതാക്കും. ലൈംഗിക ബന്ധം എന്നതു ലൈംഗിക അവയവങ്ങളുടെ ബന്ധം മാത്രമല്ലെന്നും അതിനപ്പുറം സ്നേഹ വൈകാരിക ഉദ്ദീപനത്തിനു പ്രാധാന്യമുണ്ടെന്ന തിരിച്ചറിവും ഈ പ്രായത്തില്‍ വളരെ പ്രധാനമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പേയുള്ള സ്പര്‍ശനത്തിനും ബാഹ്യ കേളികള്‍ക്കും കൂടുതല്‍ സമയം കൊടുക്കുന്നത് മധ്യവയസിലെ നല്ല ലൈംഗിക ജീവിതത്തിനു സഹായകരമാണ്. ശരിയായ വ്യായാമം, പോഷകാഹാരം, ഉറക്കം, വിനോദങ്ങള്‍, പരസ്പര പ്രോത്സഹനത്തോടെയുള്ള ആശയവിനിമയം തുടങ്ങിയവ മനസിനും ശരീരത്തിനും ഉണര്‍വ് ഉണ്ടാക്കുകയും ഊഷ്മളമായ ലൈംഗികത സാധ്യമാക്കുകയും ചെയ്യും. ഈ പ്രായത്തില്‍ ലൈംഗികതയോടു വിമുഖത കാണിക്കാതെ എന്തെങ്കിലും ലൈംഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധരെ സമീപിച്ച് ശരിയായ ചികിത്സ എടുക്കുന്നതില്‍ മടി കാണിക്കേണ്ടതില്ല.