ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളും സംഭവവികാസങ്ങളുമാണ് ഇപ്പോൾ ലോകത്ത് നടക്കുന്നത്. അടുത്തിടെ പാകിസ്ഥാൻ ബംഗ്ലാദേശിനോട് തോറ്റത് ഒകെ ഏറെ ചർച്ചയായ സംഭവങ്ങൾ ആയിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻ ഷാൻ മസൂദും പ്രീമിയർ പേസർ ഷഹീൻ അഫ്രീദിയും ഉൾപ്പെട്ട തമ്മിലടി സംഭവം ഏറെ ചർച്ചകളിലേക്ക് നയിക്കുകയാണ്. റാവൽപിണ്ടിയിലെ ഡ്രസ്സിംഗ് റൂമിൽ വെച്ച് അഫ്രീദിയും മസൂദും തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് റിപ്പോർട്ട്. അത് റിയൽ ഫൈറ്റിലേക്കും കൈയേറ്റത്തിലേക്കും വരെ നയിച്ചതായി പറയപ്പെടുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാമ്പിൽ പിരിമുറുക്കം മൂർച്ഛിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ബംഗ്ലാദേശിനെതിരെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെയാണ് തമ്മിലടി നടന്നത് .
റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ആതിഥേയർ 10 വിക്കറ്റിൻ്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് ശ്രദ്ധേയമാണ്. പൊതുവെ കൂൾ സമീപനത്തിനും ശാന്തമായ പെരുമാറ്റത്തിനും പേരുകേട്ട മസൂദും ഫീൽഡിലെ ആക്രമണാത്മക സാന്നിധ്യത്തിന് പേരുകേട്ട ഫയർ ഫാസ്റ്റ് ബൗളറായ അഫ്രീദിയും തമ്മിൽ എന്തിന്റെ പേരിലാണ് ഉടക്ക് നടന്നതെന്ന് വ്യക്തമല്ല.
ക്രിക്കറ്റ് വാർത്താ അഗ്രഗേറ്ററായ മുഫദ്ദൽ വോറയുടെ പാരഡി അക്കൗണ്ടാണ് ഈ വാർത്ത ആദ്യം പങ്കുവെച്ചത്. മുഹമ്മദ് റിസ്‌വാൻ വഴക്ക് പരിഹരിക്കാൻ ശ്രമിച്ചുവെന്ന് ട്വീറ്റിൽ അവകാശപ്പെട്ടു, എന്നാൽ അവർ വഴക്കിനിടെ പാകിസ്ഥാൻ വിക്കറ്റ് കീപ്പറെയും തല്ലാൻ തുടങ്ങി എന്നും ട്വീറ്റിൽ പറഞ്ഞു.
എന്നാൽ ഈ വാർത്തകൾക്ക് പിന്നിലെ സത്യം അറിയില്ല. പാകിസ്ഥാൻ ടീമുമായി ബന്ധപ്പെട്ട ആരും ഇത് സ്ഥിതീകരിച്ചിട്ടില്ല.