‘ന്യായമായ ചോദ്യത്തെ നിർമല സീതാരാമൻ നേരിട്ട രീതി ലജ്ജാകരം’; ധനമന്ത്രിയെ വിമർശിച്ച് എം കെ സ്റ്റാലിൻ

‘ന്യായമായ ചോദ്യത്തെ നിർമല സീതാരാമൻ നേരിട്ട രീതി ലജ്ജാകരം’; ധനമന്ത്രിയെ വിമർശിച്ച് എം കെ സ്റ്റാലിൻ

ധനമന്ത്രി നിർമല സീതാരാമനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് സ്റ്റാലിൻ പറഞ്ഞു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരിലെ റസ്റ്റോറൻ്റ് ശൃംഖല ഉടമയും നിർമല സീതാരാമനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ വിമർശനം.

കോയമ്പത്തൂരിലെ ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ സംഭാഷണത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകർ ഷെയർ ചെയ്തതിൽ ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ ഇന്നലെ മാപ്പ് ചോദിച്ചിരുന്നു. വിഷയത്തിൽ താൻ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും അണ്ണാമലൈ പറഞ്ഞു. ശ്രീനിവാസൻ തമിഴ്‌നാടിൻ്റെ ബിസിനസ്സ് സമൂഹത്തിൻ്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തിൽ നടത്തിയ പരാമർശത്തിന് ശേഷം ശ്രീനിവാസൻ മന്ത്രി സീതാരാമനോട് മാപ്പ് പറയുന്നതായി ചില പോസ്റ്റുകളിൽ പറഞ്ഞിരുന്നു. കാപ്പി, മധുരവിഭവങ്ങൾ തുടങ്ങി മൂന്ന് ഭക്ഷ്യ വിഭാഗങ്ങളിൽ ജിഎസ്ടി നിരക്കുകൾ തുല്യമാക്കാൻ ശ്രീനിവാസൻ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ബണ്ണിന് ജിഎസ്ടി ഇല്ലെങ്കിലും ക്രീം നിറച്ചാൽ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി വർധിപ്പിക്കുകയാണെങ്കിൽ എല്ലാത്തിനും വർധിപ്പിക്കണമെന്നും ചില വിഭവങ്ങൾക്ക് മാത്രം വർധിപ്പിക്കുന്നത് ഉപഭോക്താക്കൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ വീഡിയോയിൽ ശ്രീനിവാസൻ തൻ്റെ അഭിപ്രായത്തിന് നിർമലാ സീതാരാമനോട് ക്ഷമ ചോദിക്കുന്നതായും കാണിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും ഒന്നും പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞതായി ചിലർ പോസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെയാണിപ്പോൾ ന്യായമായ ചോദ്യത്തെ നേരിട്ട രീതി ലജ്ജാകരമെന്നാരോപിച്ച് നിർമല സീതാരാമനെതിരെ എം കെ സ്റ്റാലിൻ വിമർശനം ഉന്നയിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *