‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യം; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ എംകെ സ്റ്റാലിന്‍

‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യം; രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമം; കേന്ദ്ര സര്‍ക്കാരിനെതിരെ എംകെ സ്റ്റാലിന്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ പ്രായോഗികമായി അസാധ്യമാണെന്ന് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.
സ്റ്റാലിന്‍. പുതിയ തെരഞ്ഞെടുപ്പ് പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം നടപടിയെടുക്കണം. രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സംഘപരിവാറിന്റെ ഗൂഢശ്രമമാണൈന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചു വെച്ച അജണ്ടയാണ് ഇതിന് പിന്നില്‍.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാറിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നില്‍. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *