സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ‘ഗൗരവതരമായ ആശങ്ക, ഇരകള്‍ക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കണം’

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍; ‘ഗൗരവതരമായ ആശങ്ക, ഇരകള്‍ക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കണം’

കുറ്റകൃത്യങ്ങളില്‍ വേഗത്തിലുള്ള നീതി ആവശ്യമാണെന്നും ഇത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുമെന്നും മോദി പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഗൗരവതരമായി കാണുന്നു. കുറ്റകൃത്യങ്ങളില്‍ വേഗത്തിലുള്ള നീതി ആവശ്യമാണെന്നും ഇത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ ഉറപ്പ് നല്‍കുമെന്നും മോദി പറഞ്ഞു. ‘ഇന്ന്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകളാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗം നീതി ലഭിക്കുമ്പോള്‍, ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് അവരുടെ സുരക്ഷയില്‍ കൂടുതല്‍ ഉറപ്പ് ലഭിക്കും’ മോദി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ നേരിടാന്‍ നിരവധി കര്‍ശന നിയമങ്ങളുണ്ടെന്നും അതിവേഗ നീതി ഉറപ്പാക്കാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്‍ക്കൊപ്പം മികച്ച ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണവും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *