ആദ്യം ഞാനൊന്ന് പകച്ചു, കാരണം അറിയാത്ത ഭാഷയാണ്.. കഥകളി എങ്ങനെയാണ് ചെയ്യുന്നതെന്ന് അമിതാഭ് ബച്ചന്‍ ചോദിച്ചിരുന്നു, പക്ഷെ: മോഹന്‍ലാല്‍

ആദ്യം ഞാനൊന്ന് പകച്ചു, കാരണം അറിയാത്ത ഭാഷയാണ്.. കഥകളി എങ്ങനെയാണ് ചെയ്യുന്നതെന്ന് അമിതാഭ് ബച്ചന്‍ ചോദിച്ചിരുന്നു, പക്ഷെ: മോഹന്‍ലാല്‍

ഒരു കഥാപാത്രമായി മാറാന്‍ വലിയ തയാറെടുപ്പുകള്‍ താന്‍ നടത്താറില്ലെന്ന് മോഹന്‍ലാല്‍. ഒരു കൂട്ടം മാസ്റ്റേഴ്സിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അറിയാതെ ഒരു തരം ഊര്‍ജം തനിലേക്കും പ്രവേശിക്കും അങ്ങനെയാണ് താന്‍ അഭിനയിക്കാറുള്ളത്. കര്‍ണഭാരം എന്ന സംസ്‌കൃത നാടകത്തിലും വാനപ്രസ്ഥം സിനിമയിലും അഭിനയിച്ചപ്പോഴുള്ള അനുഭവം പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചത്.

നാടകങ്ങള്‍ എനിക്കേറെ ഇഷ്ടമാണ്. പക്ഷേ സംസ്‌കൃത ഭാഷയില്‍ ഒരു നാടകം ചെയ്യാന്‍ കാവാലം സര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാനൊന്ന് പകച്ചു. കാരണം ആ ഭാഷ എനിക്ക് അറിയില്ല. ‘ലാല്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കും’ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കര്‍ണഭാരം എനിക്ക് വായിക്കാന്‍ തന്നു. 2 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന നാടകമാണത്. എല്ലാ നാടകങ്ങളും പോലെ അതിലും റിഹേഴ്സലും പ്രാക്ടീസുമുണ്ട്.

പക്ഷേ സ്റ്റേജില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ സഹായത്തിന് ആരും വരില്ല. സിനിമയില്‍ പിന്നില്‍ നിന്ന് ഡയലോഗ് പറഞ്ഞു തരാന്‍ ആളുണ്ടാവും. നാടകത്തില്‍ 2 മണിക്കൂര്‍ ഒരേ നില്‍പ്പില്‍ ഒറ്റ ഡയലോഗ് തെറ്റാതെ പറഞ്ഞ് അഭിനയിക്കണം. അതും ഒട്ടും പരിചിതമല്ലാത്ത ഭാഷ. എന്നിട്ടും അത് സാധിച്ചു. എങ്ങനെയെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ആദ്യ പ്രദര്‍ശനം വിജയമായപ്പോള്‍ അത് വീണ്ടും അവതരിപ്പിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടു.

ഒടുവില്‍ മുംബൈയില്‍ വീണ്ടും അവതരിപ്പിച്ചു. അടുത്തിടെ ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. എങ്ങനെ ഇത് ചെയ്തു എന്ന് ഓര്‍ത്തു. അത് ഒരു അനുഗ്രഹമാണ്. സിനിമാഭിനയവും ഇങ്ങനെയൊക്കെ തന്നെയാണ്. പല നടന്‍മാരും തങ്ങളുടെ കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. സെറ്റില്‍ വന്നാലും അവര്‍ മുഴുവന്‍ സമയവും ആ മൂഡില്‍ തന്നെയായിരിക്കും.

കഥാപാത്രം എങ്ങനെ നടക്കണം, ചിരിക്കണം, സംസാരിക്കണം, പെരുമാറണം എന്നെല്ലാം സ്വയം റിഹേഴ്സല്‍ ചെയ്തെന്നിരിക്കും. എന്നെ സംബന്ധിച്ച് ഒരു ഷോട്ട് കഴിഞ്ഞാല്‍ പിന്നെ ഞാന്‍ നടനല്ല. സാധാരണ മനുഷ്യനാണ്. കളിയും ചിരിയും തമാശയുമൊക്കെയായി എന്റേതായ ലോകത്ത് വ്യാപരിക്കും. വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വിളിക്കുമ്പോള്‍ കഥാപാത്രമായി മാറും.

വാനപ്രസ്ഥത്തില്‍ കഥകളി നടനായി അഭിനയിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ എന്നോട് ചോദിച്ചു, ‘മോഹന്‍ലാല്‍ നിങ്ങള്‍ എങ്ങനെയാണ് കഥകളി ചെയ്യുന്നത്?’ ഞാന്‍ പറഞ്ഞു.’ എനിക്കറിയില്ല സര്‍’. ഒരു കൂട്ടം മാസ്റ്റേഴ്സിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അറിയാതെ ഒരു തരം ഊര്‍ജം എന്നിലേക്കും സംക്രമിക്കുകയായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *