
കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ച നടി നേരത്തെ തന്നെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചിരുന്നെന്ന് നടൻ മുകേഷ്. ബ്ലാക് മെയിലിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് മുകേഷ് വ്യക്തമാക്കി. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വലിയൊരു സാമ്പത്തിക സഹായം തന്നോട് നടി ആവശ്യപ്പെട്ടു. താൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് തനിക്ക് അവർ വാട്സാപ്പിൽ സന്ദേശം അയച്ചു. പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് മുകേഷ് ആരോപിച്ചു. ഇവർ അയച്ച സന്ദേശങ്ങൾ തന്റെ പക്കൽ ഇപ്പോഴും ഉണ്ട്. തെളിവുകളുടെ പിൻബലത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നതെന്നും മുകേഷ് പറഞ്ഞു.