
നടനും എംഎൽഎയുമായ മുകേഷ് സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം തീരുമാനം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചു.
അതിനിടെ മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കൾ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തില്‍ രണ്ടു തട്ടിലായി.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സിപിഎം നേതൃത്വം രാജി ചോദിച്ചു വാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് ഇത് തന്നെയാണ്. ഇതുവരെയും ആരോപണ നിഴലിലായിരുന്നെങ്കില്‍ മുകേഷ് ഇപ്പോള്‍ സ്ത്രീപീഡന പരാതിയില്‍ ഒന്നാം പ്രതിയാണെന്നും സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പറയുന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നുമാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം. ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രതികരണത്തിന് സിപിഐ സംസ്ഥാനനേതൃത്വം നടത്തിയിട്ടില്ല. എന്നാല്‍ മുകേഷിന്റെ രാജി പരസ്യമായി ആവശ്യപ്പെടാനാണ് സിപിഐ ഒരുങ്ങുന്നത്. എന്നാൽ ആരോപണം ഉയര്‍ന്ന സാഹചര്യം മുതല്‍ തുടരുന്ന മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് കേസെടുത്തിട്ടും സിപിഎം തുടരുകയാണ്.