മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിനത്തില്‍ ഉപവാസ സമരം. ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം’ എന്ന മുദ്രാവാക്യവുമായി ഇടുക്കി ഡിസിസിയും മുല്ലപ്പെരിയാർ സമര സമിതിയുമാണ് വണ്ടിപ്പെരിയാറിൽ നടക്കുന്ന ഉപവാസ സമരം നടത്തുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് സമരത്തിലെ ആവശ്യം. ഉപവാസ സമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുൻനിര്‍ത്തി കേന്ദ്ര ഡാം സുരക്ഷ മാനദണ്ഡ പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുത്തു. നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 13 വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. വരും ദിവസങ്ങളിലും സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
Posted inNATIONAL