വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും (വാത്സ്യയന്റെ കാമസൂത്രയിൽ ഇതിനെ കുറിച്ച് ഒരു വിവരണം ഉണ്ട് ) വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ വെറ്റില മുറുക്കിയിരുന്നത്.
സിനിമാതാരങ്ങൾ ടിവി-യിലും മാസികകളിലും വർത്തമാനപത്രങ്ങളിലും ആവേശം തുടിപ്പിക്കുന്നതും പേരും പേരുമയും ഉള്ളതുമായ ഒരു ജീവിതത്തിലേക്കു നയിക്കുന്നതായി പുകയില ഉത്പന്നങ്ങളെ വിശേഷിപ്പിക്കുന്നു. എന്നാൽ, ചെറിയ അക്ഷരങ്ങളിൽ അച്ചടിച്ചിരിക്കുന്ന കുറിപ്പ്, ഈ ഉത്‌പന്നം ഉപയോഗിക്കുന്നതു നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരമായേക്കാമെന്ന മുന്നറിയിപ്പു നൽകുന്നു.
മുറുക്കാൻ എന്ന പേരു കേൾക്കുമ്പോൾ മനസ്സിൽ പെട്ടന്ന് ഓടിയെത്തുന്ന നാലു വരികൾ…..
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്ഞാനല്ല പരുന്തല്ല തെരകളല്ല, ചെമ്മാനം വാഴണ തൊറയരയന്‍..
വെറ്റിലമുറുക്ക് തറവാടിത്തമാണ്` എന്നാണ്` പഴമ.വെറ്റിലമുറുക്ക് മുറുക്ക്, മൂന്നുംകൂട്ടൽ , നാലുംകൂട്ടൽ [വള്ളുവനാടൻ പദങ്ങൾ] അന്തസ്സാണ്, ആഭിജാത്യലക്ഷണമാണ്, സൗന്ദര്യലക്ഷണമാണ്, സൗഹൃദം പങ്കുവെക്കലാണ്, കാര്യവിചാരത്തിൽ ഉണ്ടാവുന്ന തീരുമാനങ്ങൾ ഉറപ്പിക്കലാണ് ന്നാ ഒന്നു മുറുക്കി ഉറപ്പിക്കാം പൊതുവെ നല്ലതാണ്. അനുകരണീയമാണ്.സമുദായത്തിലുള്ള മേലുകീഴുകളൊന്നും മുറുക്കാന്റെ കാര്യത്തിൽ ഇല്ല. കീഴാളജനതക്ക് മീശവെക്കാനോ മാറുമറയ്ക്കാനോ വീട് ഓട് മേയാനോ ഒക്കെ വിലക്കും നിബന്ധനയും ഉണ്ടെങ്കിലും മുറക്കാൻ ഇതൊന്നുമില്ല. ഇഷ്ടം പോലെ മുറുക്കാം. ഇഷ്ടം പോലെ തുപ്പാം! എപ്പൊഴും മുറുക്കാം. രാവിലെ എഴുന്നേറ്റ് ഒരു കാപ്പി കുടിച്ചാൽ, കുളി എന്നിവക്ക് മുമ്പ്, ഊണുകഴിഞ്ഞാൽ ഒന്ന് മുറക്കണം എന്ന് തീർച്ച – പുറത്ത് ഇറങ്ങുമ്പോൾ, പുറത്ത് നിന്ന് വന്നാൽ, വിനോദവേളകളിൽ , വിശ്രമവേളകളിൽ, ക്ഷീണം തോന്നുമ്പോൾ, ഉഷാറായ – ആഹ്ളാദ വേളകളിൽ, എന്തെങ്കിലും പണി തുടങ്ങുമ്പോൾ, ജോലി അവസാനിക്കുമ്പോൾ, ജോലിക്കിടയ്ക്ക് എപ്പൊഴും മുറുക്കാം… കുറച്ചു വെള്ളം കൊണ്ട് വായകഴുകി ഇത്തിരി വെള്ളം കുടിച്ച് സുഖായി വീണ്ടും മുറുക്കാം.
കുട്ടികൾക്ക് മുറുക്ക് അനുവദനീയമല്ല. ബാക്കി എല്ലാവർക്കും ആകാം. പുരുഷനും സ്ത്രീക്കും മുറുക്കാൻ അനുവാദമുണ്ട്. ഒരു തടസ്സവുമില്ല. തടസ്സമില്ല എന്നു മാത്രമല്ല, മുറുക്കണം. മുറുക്കാത്തവർ പൊതുവെ മോശക്കാരാണ്. മൂന്നും കൂട്ടി – വെറ്റില, അടയ്ക്ക, ചുണ്ണാമ്പ് – വേണമെങ്കിൽ നാലും -പുകയിലയും കൂട്ടി അസ്സലായി മുറുക്കാം. അതാണ്` അന്തസ്സ്, തറവാടിത്തം. ജാതി മത വംശ ലിംഗ ഭേദമില്ലാതെ എല്ലാവർക്കും മുറുക്കിച്ചുവന്ന ചുണ്ടുമായി നടക്കാം, വായ് നിറയെ മുറുക്കി വർത്തമാനം പറയാം. ജോലിചെയ്യാം. ഒന്നും ചെയ്യാതേയുമിരിക്കാം! മുറുക്കാൻ മൂന്നെണ്ണം നിർബന്ധമാണ്`. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്. ചുണ്ണാമ്പിന്ന് നൂറ് എന്നും പറയും. നാലാമത് പുകയിലയും വേണം. അത് നിർബന്ധമില്ല. മുറുക്ക് തുടങ്ങുമ്പോൾ പുകയില ഇല്ല. ശീലിച്ച് മുറുക്കിൽ കേമനായാൽ പുകയില ആവാം. പുകയില്ലാതെ മുറുക്കിയാൽ ‘ മുറുക്കിയ പോലാവില്ല’ എന്നാവും. അന്തസ്സായി മുറുക്കാൻ ഈ നാലും പോര. കൊട്ടത്തേങ്ങ, ഗ്രാമ്പൂ, ഏലം, വയമ്പ്, ഇരട്ടിമധുരം , സ്വർണ്ണത്തരി [വെള്ളിയും പതിവുണ്ട്] എന്നിവ ആവാം. തറവാട്ടിലെ സ്ത്രീകൾക്ക് നിർബന്ധമാണ്. ചുണ്ണാമ്പ് നീറ്റി നെയ്യ് ചേർത്ത് കടുപ്പം [ക്ഷാരത] കുറയ്ക്കും . പഴയകവിതകളിൽ, കഥകളിൽ ഒക്കെ മുറുക്കാന്റെ വിവരണങ്ങൾ ഉണ്ട്. പ്രിയപ്പെട്ടവന്റെ വായിലെ സുഗന്ധപൂരിതമായ മുറുക്കാൻ [പുകയില ഇല്ല] പ്രണയകേളികളിൽ നായിക നേരേ വായ് – ടു – വായ് സ്വീകരിക്കും. വീണ്ടും നായകന്ന് വെറ്റില ഒരുക്കിക്കൊടുക്കും
മുറുക്കാനുള്ള സാമഗ്രികൾ ‘ചെല്ല ‘ ത്തിലാണ്` സൂക്ഷിക്കുക. ചെല്ലത്തിന്ന് പൂട്ടും താക്കോലുമുണ്ടാകും. മുറുക്കാനേക്കാൾ വിലപിടിച്ച വസ്തുക്കളും ചെല്ലത്തിൽ സൂക്ഷിക്കും. അതിനാണ്` പൂട്ടും താക്കോലും. ചെല്ലത്തിൽ മുറുക്കാനുള്ള വസ്തുക്കൾ, ചുണ്ണാമ്പ് നിറച്ചുവെച്ച ‘ അടപ്പൻ ‘ നൂറുകോരാനുള്ള ചെറിയ കരണ്ടി എന്നിവ ഉണ്ടാകും. ചെല്ലം ഓട് , പിച്ചള , വെള്ളി എന്നിവകൊണ്ട് കൊത്തുപണികളോടെ ഉണ്ടാക്കിയിരിക്കും. അടപ്പൻ ഓടുകൊണ്ട് ഭംഗിയായി ചെയ്തിരിക്കും. കരണ്ടിയും ഓടോ വെള്ളിയോ ആവും. ചെല്ലത്തിൽ നല്ല ചെറിയ പിശ്ശാങ്കത്തി ഉണ്ട്. ആനക്കൊമ്പുകൊണ്ടോ മാൻകൊമ്പുകൊണ്ടോ പിടിയിട്ട കത്തി. കത്തിക്ക് പിറകിൽ വരുന്ന അലക് കൂർപ്പിച്ച് എഴുത്താണിയാക്കും. ഓലയിൽ എഴുതാൻ അതു വേണം. അത്ര സമ്പന്നരല്ലാത്തവർ ഇരുമ്പ് മരം എന്നിവകൊണ്ട് ചെല്ലം ഉണ്ടാക്കും. അതിനും കഴിവില്ലാത്തവർ ഓല , പാള എന്നിവകൊണ്ടും. മുറുക്കാൻ പൊതി ഓല, പാള, വാഴപ്പോള എന്നിവകൊണ്ട് നിർമ്മിക്കും. അടപ്പനും കത്തിയും എല്ലാവർക്കും ഉണ്ടാവും. മുറുക്കിത്തുപ്പാൻ – ഇരുന്നിടത്തുനിന്ന് എണീക്കാതെ തുപ്പാൻ – കോളാമ്പി വേണം.
“മുറുക്കാൻ ചെല്ലം തുറന്നു വെച്ചു മുത്തശ്ശി പണ്ടൊരു കഥ പറഞ്ഞു”
നാലും കൂട്ടി മുറുക്കുന്നത് ഒരു കാലത്ത് നമ്മുടെ നാട്ടിൽ പൊതു ശീലം ആയിരുന്നു. അന്നൊക്കെ അതിഥികളെ സൽകരിക്കുന്നതു മുറുക്കാൻ കൊടുത്തായിരുന്നു. വിവാഹം, മരണം, തുടങ്ങി അതിഥികൾ കൂടുന്ന ഇടത്തെല്ലാം മുറുക്കിനു വേണ്ട സാധനങ്ങളെല്ലാം വച്ചിട്ടുണ്ടാവും. വെറ്റില, ചുണ്ണാമ്പു, അടക്കാ, പുകയില, പിന്നെ പാക്കുവെട്ടി. മുറുക്കുന്നതിനു ചില ചടങ്ങുകളൊക്കെയുണ്ട്. ആദ്യം നല്ല വെറ്റില നോക്കി തിരഞ്ഞെടുക്കും. രണ്ടു വശവും കൈകൊണ്ടു തടവും. വെറ്റിലയുടെ വാലറ്റം മുറിച്ചു ചെന്നിയിൽ ഒട്ടിക്കും. വെറ്റില ഞെട്ടു മുറിച്ചു മാറ്റി നഖം കൊണ്ട് നരമ്പെല്ലാം ചിരണ്ടികളയും. ഇടതു കൈ വെള്ളയിൽ വെറ്റില കമഴ്ത്തി നിവർത്തി പിടിച്ചു വലതു കൈയുടെ നടുവിരലിൽ ചുണ്ണാമ്പെടുത്തു വെറ്റിലയുടെ പുറകു വശത്തു തേക്കും. എന്നിട്ട് ആദ്യം നെടുകെ മടക്കും. പിന്നെ കുറുകെ നാലായി മടക്കും. ഇത് ഇടത്ത് കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനും ഇടയ്ക്കു അമർത്തി വച്ചിട്ട് അടക്കയിലേക്ക് ശ്രദ്ധ തിരിക്കാം..പാക്ക് വെട്ടി കൊണ്ട് അടക്കയുടെ തോട് കളഞ്ഞ് പുറം ചെത്തി വൃത്തിയാക്കുന്നു. ആവശ്യത്തിനുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒപ്പം മടക്കി വച്ചിരിക്കുന്ന വെറ്റിലയും കൂടി വായിലേക്കിടുന്നു. ഒന്നു കുടി വിശദമാക്കിയാൽ വെറ്റിലയിൽ നൂറ് തേച്ച് അടക്കയുടെ കഷണങ്ങളും (ഒരു അടയ്ക്ക നെടുകെ നാല് കഷണങ്ങൾ ആക്കിയവയെ പിന്നെയും രണ്ടോ മൂന്നോ കഷണങ്ങളാക്കും) ആവശ്യത്തിനെടുത്തു വായിലിട്ടു ചവയ്ക്കും. ഈ മൂന്നും വായിലെ ഉമിനീരും കൂടി ചേരുമ്പോൾ ചുവപ്പ് നിറമായിരിക്കും ചുണ്ടിനും വായ്ക്കുള്ളിലും. പുകയില അവസാനമാണ് വായിലിടുക . തല കറക്കവും തലച്ചൊരുക്കും ഉണ്ടാവുമെന്നതിനാൽ ചിലർ പുകയില ഉപയോഗിക്കുമായിരുന്നില്ല.ചിലർക്ക് അടക്കയും തലച്ചൊരുക്കും ഉണ്ടാക്കും പല ദേശങ്ങളിലും ഇതുകൂടാതെ ഗ്രാമ്പൂ മുതലായ സുഗന്ധദ്രവ്യങ്ങളും ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013 -ൽ ) ഉപയോഗിച്ചുവരുന്നതായി കാണുന്നു.ഇനി ചരിത്രം കൂട്ടി മുറുക്കാം … വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും (വാത്സ്യയന്റെ കാമസൂത്രയിൽ ഇതിനെ കുറിച്ച് ഒരു വിവരണം ഉണ്ട് ) വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ വെറ്റില മുറുക്കിയിരുന്നത്. ഇതിനെ താംബൂല ചർവ്വണം എന്നും വിളിച്ചിരുന്നു. പണ്ട് കേരളത്തിലെ സമ്പന്ന തറവാടുകളിൽ ഈ സാധനങ്ങൾ ഇട്ടുവെക്കാൻ വെള്ളി, പിച്ചളച്ചെല്ലവും, പിച്ചള കൊണ്ട് കെട്ടിയ ഭംഗിയുള്ള കൊത്തുപണി ചെയ്ത മരം കൊണ്ടുണ്ടാക്കിയ ചെല്ലങ്ങളും ഉണ്ടായിരുന്നു. ആളുകളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇവ യഥാക്രമം മരം കൊണ്ടുള്ള മുറുക്കാൻ പെട്ടികളും , കൈതോലകൊണ്ടുണ്ടാക്കിയ ചെറിയ പാട്ടികളും’ കൊമ്മികളുമായിരുന്നു. പണ്ട് അതിഥി സല്ക്കാരത്തിന്റെ ഭാഗമായി ആദ്യം മുറുക്കാൻ കൊടുത്താണ് അതിഥികളെ സ്വീകരിച്ചിരുന്നത്. മുറുക്കുന്നവരുള്ള വീട്ടിൽ എല്ലാം അക്കാലത്ത് മുറുക്കിത്തുപ്പാൻ വേണ്ടി പിച്ചളകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ കോളാമ്പികൾ ഉണ്ടായിരുന്നു. ഇന്നും ഇവ കേരളത്തിലെ ചില വീടുകളിൽ കാണപ്പെടുന്നു.അപൂർവ്വമായി സ്വർണ്ണത്തിലും കോളാമ്പി ഉണ്ടാക്കിയിരുന്നു.
ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും, ഇതുപയോഗിക്കുന്നവരുടെ കണ്ടിടത്ത് തുപ്പുന്ന ശീലം കാരണമുണ്ടാവുന്ന പരിസരമലിനീകരണവും തടയാൻ വേണ്ടി ചില രാജ്യങ്ങൾ മുറുക്കാൻ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭാരതത്തിലെ ചില സ്ംസ്ഥാന സർക്കാരുകളും ഇതിനെ സർക്കാർ മന്ദിരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. മുംബൈയിലെ ബെസ്റ്റ് ബസ്സുകളിലും മുറുക്കാൻ ചവയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. വൃത്തി ബോധം സ്വന്തം വീട്ടില് വച്ചിട്ടാണ് നമ്മൾ ഇറങ്ങുന്നത്. നാട് നാശമായാൽ നമുക്കെന്താ. ഇപ്പോൾ സൽക്കാരങ്ങൾക്കൊന്നും മുറുക്കാൻ കൊടുക്കാറില്ല. നമ്മുടെ പൂർവികരുടെ വളരെക്കാലം നിലനിന്ന ശീലം… മുറുക്കാൻ ഏഷ്യയിൽ ഉപയോഗിക്കപ്പെടുന്നു
ഇന്ത്യയിലാകട്ടെ വളരെ വ്യാപകമായും. പരമ്പരാഗത രൂപത്തിലുള്ളതാണെങ്കിൽ പൊടിച്ച അടയ്‌ക്കയുടെയും പുകയിലയുടെയും രസവർധിനികളായ മറ്റു ചേരുവകളുടെയും മിശ്രിതം അതിൽ അടങ്ങിയിരിക്കും. പുകയിലയും അടയ്‌ക്കയും നിമിത്തം മുറുക്കാൻ ആസക്തിയുളവാക്കുന്ന ഒന്നായിത്തീരുന്നു. ചുണ്ണാമ്പിന്റെയും ചവർപ്പുരസമുള്ള ഒരു സസ്യ ഉത്‌പന്നമായ കാറ്റക്യൂവിന്റെയും ഒരു മിശ്രിതം തേച്ച വെറ്റിലയിൽ ഇത് വെക്കുന്നു. ഇതെല്ലാം ഉള്ളിലാകത്തക്കവിധം ഇല മടക്കുന്നു. എന്നിട്ട് ആ ചെറിയ പൊതി വായിലേക്കിടുന്നു. പ്രചാരത്തിലുള്ള ഒന്നാണ് പാൻ മസാല. ഇതേ ചേരുവകൾ ഉണക്കി മിശ്രിതമാക്കി ചെറിയ പായ്‌ക്കറ്റിലാക്കിയതാണിത്. കൊണ്ടുനടക്കാൻ എളുപ്പവും ഏതു സമയത്തും ഉപയോഗിക്കാൻ പറ്റിയതുമാണിത്. ചവയ്‌ക്കാൻ ഏറെ സമയം വേണമെന്നു മാത്രമല്ല, ഇത് വളരെയധികം ഉമിനീർ ഉത്‌പാദിപ്പിക്കുകയും ചെയ്യും. കൂടെക്കൂടെ ഇത് തുപ്പിക്കളയണം. മുറുക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഭവനങ്ങളിൽ കോളാമ്പികളുണ്ടായിരിക്കും. എന്നാൽ വീടിനു വെളിയിൽ നടപ്പാതയോ ചുവരോ തുപ്പാനുള്ള സ്ഥലമായി മാറുന്നു. ഇന്ത്യയിലെ പല കെട്ടിടങ്ങളുടെയും ചവിട്ടുപടികളിലും ഇടനാഴികളിലും കാണപ്പെടുന്ന ബ്രൗൺ നിറത്തിലുള്ള കറകൾക്കുള്ള കാരണമിതാണ്.
അടിസ്ഥാന ഗവേഷണത്തിനുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠനമനുസരിച്ച് ഇന്ത്യയിലെ വർഷംതോറുമുള്ള പുതിയ കാൻസർ കേസുകളിൽ 10 ശതമാനം ലോകശരാശരിയുടെ ഇരട്ടി വായിലെ കാൻസറാണ്. വായുടെയും താടിയെല്ലുകളുടെയും സർജനായ ഡോ. ആർ. ഗുണശീലൻ, മുറുക്കാൻ ചവയ്‌ക്കലിനെ കുറ്റപ്പെടുത്തുന്നതിൽ ഇന്ത്യയിലൊട്ടാകെയുള്ള മറ്റു സർജന്മാരോടൊപ്പം കൂടുന്നു. ഇന്ത്യൻ എക്‌സ്‌പ്രസിൽ അദ്ദേഹം പ്രസ്‌താവിക്കുന്നു: “എല്ലാത്തരം മുറുക്കാനും വായ്‌ക്കു ഹാനികരമാണ്.” മുറുക്കാൻ, “തീർച്ചയായും വായിലെ കാൻസറിന് ഇടയാക്കു”മെന്നും “അതു ചവയ്‌ക്കുന്നതു മുഖത്തിനു വൈകല്യങ്ങൾ ക്ഷണിച്ചുവരുത്തുന്നതുപോലെയാ”ണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട് മുറുക്കുക എന്നാൽ ചവച്ചുചവച്ചു നാശത്തിലേക്കു പോകുക എന്നായിരിക്കും അർഥം.