സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസിന്റെ ഗുണദോഷങ്ങള്‍ പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച നവകേരള സദസ് സംസ്ഥാനത്തുണ്ടാക്കിയ സ്വാധീനം വിലയിരുത്തുകയാണ് ഐഎംജിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി നവ കേരള സദസിന്റെ നടത്തിപ്പ് മുതല്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജനങ്ങളുമായി മന്ത്രിസഭ നേരിട്ട് സംവദിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുകയായിരുന്നു നവകേരള സദസിന്റെ ലക്ഷ്യം.
നവകേരള സദസിന്റെ ഭാഗമായി ലഭിച്ച നിവേദനങ്ങളുടെ സ്വഭാവം, അതിനുണ്ടാക്കിയ തീര്‍പ്പുകള്‍, ഭരണപരമായും നയപരമായും അതാത് വേദികളിലെടുത്ത തീരുമാനങ്ങള്‍, നവകേരള സദസ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തലത്തിലെടുത്ത തീരമാനങ്ങളും ഉത്തരവുകളും അതില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് എന്നിവയും വിലയിരുത്തും.
ഇതിനായി ജനപ്രതിനിധികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിവര ശേഖരണം നടത്തും. ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് സമഗ്ര പഠനം ഐഎംജി ഉദ്ദേശിക്കുന്നത്.