സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിക്ക് (Al Nassr FC) പുതിയ പരിശീലകൻ എത്തി. ഇറ്റാലിയൻ സീരി എ ക്ലബ്ബായ എസി മിലാന്റെ പരിശീലകനായിരുന്ന സ്റ്റെഫാനോ പിയോളിയെ ( Stefano Pioli) ആണ് അൽ നസർ എഫ് സി പരിശീലകനായി നിയമിച്ചത്. ഇക്കാര്യത്തിൽ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനവും വന്നുകഴിഞ്ഞു. പോർച്ചുഗീസ് മാനേജരായ ലൂയിസ് കാസ്ട്രോ അൽ നസർ എഫ് സി യുടെ മുഖ്യ പരിശീലക സ്ഥാനത്തു നിന്ന് പടിയിറങ്ങിയ ഒഴിവിലാണ് പിയോളി എത്തുന്നത്.
2023 ജൂലൈ ആറിനാണ് ലൂയിസ് കാസ്ട്രോ അൽ നസർ എഫ് സി യുടെ മുഖ്യ പരിശീലക സ്ഥാനത്ത് എത്തിയത്. ഒരു സുപ്രധാന ട്രോഫി എന്ന അൽ അലാമിയുടെ സ്വപ്നം സഫലമാക്കാൻ പോർച്ചുഗീസ് മുഖ്യ പരിശീലകനു സാധിച്ചില്ല. 2024 സൗദി സൂപ്പർ കപ്പ് ഫൈനലിൽ പരാജയപ്പെട്ടപ്പോൾതന്നെ ലൂയിസ് കാസ്ട്രോയുടെ നാളുകൾ എണ്ണപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. 2024 സൂപ്പർ കപ്പ് ഫൈനലിൽ അൽ ഹിലാൽ എഫ് സിക്കു മുന്നിലാണ് അൽ നസർ എഫ് സി വീണത്.
2023 അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ അൽ നസർ എഫ് സിയെ എത്തിച്ചാണ് ലൂയിസ് കാസ്ട്രോ പരിശീലക കാലാവധി ആരംഭിച്ചത്. എന്നാൽ, പിന്നീട് ഒരു ട്രോഫിയും സ്വന്തമാക്കാൻ സാധിച്ചില്ല. 2020 ൽ സൗദി സൂപ്പർ കപ്പ് നേടിയ ശേഷം ഒരു സുപ്രധാന ട്രോഫിയിൽ മുത്തം വെയ്ക്കാൻ അൽ നസർ എഫ് സിക്കു സാധിച്ചിട്ടില്ല.
ലൂയിസ് കാസ്ട്രോയുടെ പകരക്കാരനായി എത്തിയ ഇറ്റാലിയൻ സീരി എ സൂപ്പർ ക്ലബ്ബ് എ സി മിലാന്റെ മുൻ പരിശീലകൻ സ്റ്റെഫാനോ പിയോളി നിസാരക്കാരനല്ല. 2019 മുതൽ 2024 വരെ എ സി മിലാന്റെ മുഖ്യ പരിശീലകനായിരുന്നു സ്റ്റെഫാനോ പിയോളി. 2024 മേയിൽ എ സി മിലാനിൽ നിന്ന് ഇറങ്ങിയ ശേഷം ഈ ഇറ്റാലിയൻ പരിശീലകൻ ടീമുകളുടെ ചുമതലയിൽ ഇല്ല. അതുകൊണ്ടുതന്നെയാണ് അൽ നസർ എഫ്സിക്ക് അനായാസം അദ്ദേഹത്തെ പരിശീലകനായി നിയമിക്കാൻ സാധിച്ചത്.
2021 – 2022 സീസണിൽ ഇറ്റാലിയൻ സീരി എ ട്രോഫി എ സി മിലാൻ സ്വന്തമാക്കിയത് സ്റ്റെഫാനോ പിയോളിയുടെ ശിക്ഷണത്തിനു കീഴിൽ ആയിരുന്നു. സീരി എ കോച്ച് ഓഫ് ദ സീസൺ 2021 – 2022 പുരസ്കാരവും അന്ന് പിയോളി സ്വന്തമാക്കിയിരുന്നു.
2024 – 2025 സീസണിൽ അൽ നസർ എഫ് സിയെ ഒരു സുപ്രധാന ട്രോഫിയിൽ എത്തിക്കുക എന്നതാണ് ക്ലബ്ബിന്റെ ചുമതലയിൽ എത്തുന്ന സ്റ്റെഫാനോ പിയോളിയുടെ പ്രധാന ദൗത്യം. ഈ സീസണിൽ പതിഞ്ഞ തുടക്കമാണ് പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ ഇതുവരെ നടത്തിയിരിക്കുന്നത്. മൂന്നു മത്സരം കളിച്ചതിൽ രണ്ട് സമനിലയും ഒരു ജയവുമായി അഞ്ച് പോയിന്റുമായി ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് അൽ നസർ.
വെള്ളിയാഴ്ച അൽ എത്തിഫാഖിനെതിരെ നടക്കാനിരിക്കുന്ന സൗദി പ്രോ ലീഗ് മത്സരത്തിലാകും അൽ നസറിന്റെ പരിശീലകനായി സ്റ്റെഫാനോ പിയോളി അരങ്ങേറ്റം കുറിക്കുക. സൗദി ലീഗിൽ ഇക്കുറി കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മിന്നും ഫോമിലുള്ള ടീമാണ് അൽ എത്തിഫാഖ്.