ഒക്ടോബർ 11 ന് ആരംഭിക്കുന്ന 2024-25 രഞ്ജി ട്രോഫിക്കുള്ള ഡൽഹിയുടെ സാധ്യതാ ടീമിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ഇടംപിടിച്ചു. എന്നിരുന്നാലും, സെപ്തംബർ 25 ബുധനാഴ്ച നടന്ന രഞ്ജി ട്രോഫി സീസണിലെ 84 കളിക്കാരുടെ പട്ടികയിൽ വെറ്ററൻ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മ ഇടം നേടിയില്ല.
രഞ്ജി ട്രോഫി സീസൺ രണ്ട് പകുതികളായി വിഭജിച്ചാണ് ഇത്തവണ നടക്കുന്നത്. അതിനിടയിൽ വൈറ്റ്-ബോൾ ആഭ്യന്തര ടൂർണമെൻ്റുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇവൻ്റിൻ്റെ ആദ്യ പാദം ഒക്ടോബർ 11 മുതൽ നവംബർ 16 വരെ നടക്കും, രണ്ടാം പാദം ജനുവരി 23 ന് ആരംഭിക്കും. ഛത്തീസ്ഗഡിനെതിരായ മത്സരത്തോടെ ഡൽഹി അവരുടെ ആദ്യ മത്സരത്തിനിറങ്ങും.
ഡൽഹിയുടെ രഞ്ജി ട്രോഫി ടീമിനുള്ള സാധ്യതാ ടീമിൽ ആഭ്യന്തര താരങ്ങളായ യാഷ് ദുൽ, നവ്ദീപ് സൈനി, അനുജ് റാവത്ത്, ഹർഷിത് റാണ, മായങ്ക് യാദവ് എന്നിവരും ഉൾപ്പെടുന്നു. “ഇതൊരു പ്രോട്ടോക്കോൾ ആണ്. അവർ ഞങ്ങളുടെ രജിസ്റ്റർ ചെയ്ത കളിക്കാരാണ്, അവർക്ക് കളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവരുടെ പേരുകൾ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് ഞങ്ങളുടെ കടമയാണ്,” ഡൽഹി ടീമുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ ടെസ്റ്റിൽ വളരെ മോശം ഫോമിൽ കളിക്കുന്ന വിരാട് കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം നേടാൻ വേണ്ടി രഞ്ജി ടീമിൽ കളിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ. കുറച്ചുനാളുകളായി ഈ ഫോർമാറ്റിൽ താരത്തിന് സ്ഥിരമായി ദൗർബല്യങ്ങൾ ഉണ്ട്. അതിനാൽ തന്നെ ആഭയന്തര ക്രിക്കറ്റിലൂടെ ഫോം നേടിയെടുക്കാനാണ് ബിസിസിഐ ആവശ്യപെടുന്നത്.
പന്തിനെ സംബന്ധിച്ച് ടെസ്റ്റിൽ നിലവിൽ തകർപ്പൻ ഫോമിൽ നിൽക്കുന്നതിനാൽ തന്നെ താരം രഞ്ജി കളിച്ചേക്കില്ല.