കൊച്ചി: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ഓർഡിനറി ബസിൽ കാറ്റുംകൊണ്ട് പാട്ടും പാടിയുള്ള ഓർമ്മകളാകും എല്ലാവരുടെയും മനസിലേക്കെത്തുക. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നായി ആയിരത്തിലേറെ ടൂർ പാക്കേജുകളാണ് നിലവിൽ കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്. ഇപ്പോഴിതാ വിനോദസഞ്ചാര മേഖലയില്‍ ഓർഡിനറി ബസുകൾക്ക് പകരം ആധുനിക സൗകര്യങ്ങളുള്ള ബസുകൾ നിരത്തിലിറക്കാൻ പോവുകയാണ് കെഎസ്ആർടിസി.
ആധുനിക സൗകര്യങ്ങടങ്ങിയ 24 ബസുകളാണ് ബജറ്റ് ടൂറിസം സെല്ലിനായി കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. ബസുകളുടെ കുറവ് ടൂർ പാക്കേജുകളെ ബാധിക്കുന്നെന്ന പരാതി ഉയരുന്ന ഘട്ടത്തിലാണ് പുതിയ ബസുകൾ കോർപറേഷൻ വാങ്ങുന്നത്. നിലവിലെ 24 ബസുകൾക്ക് പുറമെ അടുത്ത ഘട്ടത്തിൽ പുതിയ ഇ- ബസുകള്‍ വാങ്ങാനും ആലോചന നടക്കുന്നുണ്ട്.
കെഎസ്ആർടിസിയുടെ പഴയ ബസുകൾ നവീകരിച്ചാണ് ബജറ്റ് ടൂറിസത്തിനായി തയ്യാറാക്കുന്നത്. ഡീലക്സ് എയര്‍ബസുകളില്‍ പുഷ്ബാക്ക് സീറ്റ്, ചാര്‍ജിങ് പോയിന്‍റുകള്‍, എയര്‍ സസ്പെന്‍ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. ഇതിനുപുറമെ നഗരങ്ങൾ ചുറ്റിക്കാണുന്ന സർവീസിനായി കൂടുതൽ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളും നിരത്തിലിറക്കും,
ഡിസംബറിലാണ് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ സംസ്ഥാനത്തെത്തുക. തുടക്കത്തില്‍ രണ്ടു ബസുകളാണ് സംസ്ഥാനത്തെത്തിക്കുക. ഡബിൾ ഡക്കർ ബസിന്‍റെ മുകള്‍നിലയില്‍ ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ നടത്താനുള്ള സൗകര്യവും ഒരുക്കും. അത്യാധുനിക ബസുകളുമായുള്ള സർവീസ് ആദ്യഘട്ടത്തിൽ മൂന്നാര്‍, കൊട്ടാരക്കര, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നുമായി 12000 പാക്കേജുകളാണ് ബജറ്റ് ടൂറിസം സെല്‍ നിലവിൽ സംഘടിപ്പിക്കുന്നത്. ഓണാവധിക്കാലത്ത് 150 സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ഭൂരിഭാഗം സർവീസുകളുടെ ബുക്കിങ് അവസാനഘട്ടത്തിലാണ്. ഓണാവധി ബജറ്റ് ടൂറിസത്തിനൊപ്പം ആഘോഷിക്കാൻ നിരവധിയാളുകളാണ് മുന്നോട്ടവരുന്നത്.
സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കാണ് നിലവിൽ ബജറ്റ് ടൂറിസം സെല്ലിന്‍റെ സര്‍വീവ്. മികച്ച വരുമാനം കൂടി ലഭിച്ച് തുടങ്ങിയതോടെ അന്തർ സംസ്ഥാനയാത്രകള്‍ കൂടി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി. വിവിധ ഡിപ്പോകളിൽ നിന്നാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നിലവിൽ സർവീസുകൾ ക്രമീകരിക്കുന്നത്. എല്ലാ സർവീസുകളും സൂപ്പർ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.