
ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയാകാന്‍ മലയാളിതാരം നിദ അന്‍ജും ചേലാട്ട് (Nida Anjum Chelat). 40 രാജ്യങ്ങളില്‍ നിന്നുള്ള 144 കുതിരയോട്ടക്കാര്‍ മാറ്റുരയ്ക്കുന്ന എഫ്ഇഐ ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിന്റെ (FEI World Equestrian Championship) സീനിയര്‍ വിഭാഗത്തിലാണ് നിദ മല്‍സരിക്കുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയാണ്.
സെപ്റ്റംബര്‍ ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ നിദ മല്‍സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എഫ്ഇഐ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കി റെക്കോഡ് കുറിച്ചിരുന്നു. ആഗോളവേദിയില്‍ സീനിയര്‍ തലത്തിലും ചരിത്രംരചിക്കാന്‍ ഒരുങ്ങുകയാണ് നിദ.
കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ (എഫ്ഇഐ) ആണ് ചാമ്പ്യന്‍ഷിപ്പിപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ഈ കായിക ഇനത്തിന് ജനപ്രീതി കുറവാണെങ്കിലും വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരോട്ടമുള്ളതാണ് കുതിരയോട്ടം. കടുത്ത പോരാട്ടം നടക്കുന്ന ഈ കായികമത്സരത്തില്‍ അസാധാരണമായ മെയ്വഴക്കവും സൂക്ഷമതയും വേഗതയും അത്യാവശ്യമാണ്. പരിശീലനത്തിനും മത്സരങ്ങള്‍ക്കും കുതിരകളുടെ പരിപാലത്തിനും മറ്റുമായി വലിയ സാമ്പത്തിക ചെലവുണ്ട്.
160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘടപാതയാണ് മത്സരത്തില്‍ നിദയെ കാത്തിരിക്കുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെണ്‍കുതിര പെട്ര ഡെല്‍ റെയ്ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആണ്‍കുതിരയായ ഡിസൈന്‍ ഡു ക്ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
യുഎഇ, ബഹ്റൈന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഉറുഗ്വായ്, അര്‍ജന്റീന, ബ്രിട്ടണ്‍, ഹംഗറി, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കാലാകാലങ്ങളായി മേധാവിത്വം പുലര്‍ത്തുന്ന വിഭാഗത്തിലാണ് നിദ മത്സരിക്കാനിറങ്ങുന്നത്. ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത് തന്നെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. സൗകര്യങ്ങളേതുമില്ലാതെ സ്വന്തം കഠിനപ്രയത്‌നത്താലും പരിശ്രമത്താലുമാണ് നിദ ലോകവേദിയിലേക്ക് യോഗ്യത നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ നേട്ടമാണ് നിദയ്ക്ക് ലോക സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ പ്രചോദനമേകുന്നത്. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ മത്സരം 7.29 മണിക്കൂര്‍ കൊണ്ട് നിദ പൂര്‍ത്തിയാക്കി. സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയതിലൂടെ ലോകത്തെ ഏറ്റവും മികച്ച കുതിരയോട്ടക്കാരുടെ നിരയിലേക്ക്് നിദ ഉയര്‍ന്നുകഴിഞ്ഞു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. ചുറ്റുമുള്ളവരില്‍ നിന്ന് കിട്ടുന്ന സ്‌നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും നിദ പറഞ്ഞു.