പാലക്കാട്: നിലമ്പൂർ റൂട്ടിലെ ട്രെയിൻ യാത്രാ വേഗതയ്ക്ക് കുതിപ്പേകുന്ന തീരുമാനവുമായി ദക്ഷിണ റെയിൽവേ. ഷൊർണൂർ – നിലമ്പൂർ – ഷൊർണൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത 75 km/ hr ൽ നിന്നും 85 km/ hr ആയി വേഗത വർധിപ്പിക്കാൻ ഉള്ള ഉത്തരവ് പുറത്തിറങ്ങി. പാത വൈദ്യുതീകരണവും നവീകരണ പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വേഗതയും വർധിപ്പിച്ചത്.
വളവുകളുള്ള പ്രദേശങ്ങളിൽ ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ 75 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 45 കിലോമീറ്റർ വേഗതയുണ്ടായിരുന്ന വളവുകളിൽ 50 കിലോമീറ്ററായും. 60 കിലോമീറ്റർ വേഗതയുണ്ടായിരുന്ന പോയിന്‍റിൽ 65 ആയും വേഗത വർധിപ്പിച്ചിട്ടുണ്ട്. സതേൺ റെയിവേയുടെ ചെന്നൈയിലെ ട്രാൻസ്പോർട്ടേഷൻ വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഷൊർണൂർ – നിലമ്പൂർ പാതയിൽ റെയിൽവേയുടെ വരുമാനം വർധിച്ചെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടിക്കറ്റ് ഇനത്തിൽ 18.79 കോടി രൂപയുടെ വരുമാനമാണ് ഷൊർണൂർ – നിലമ്പൂർ റൂട്ടിൽനിന്ന് ലഭിച്ചത്. ഏറ്റവും നീളം കുറഞ്ഞ ബ്രോഡ് ഗേജ് പാതകളിലൊന്നാണ് നിലമ്പൂരിലേത്. ഇവിടെ മുൻവർഷത്തേക്കാൾ 3.61 കോടിയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ച് നിലമ്പൂർ – ഷൊർണൂർ പാതയിൽ 7.8 ലക്ഷം യാത്രക്കാരുടെ വർധനവും ഇത്തവണ ഉണ്ടായിരുന്നു. 66 കിലോ മീറ്റർ മാത്രം വരുന്ന ഷൊർണൂർ – നിലമ്പൂർ പാതയിൽ 30.98 ലക്ഷം പേരാണ് വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി യാത്ര ചെയ്‌തത്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് നിലമ്പൂർ റോഡ് സ്‌റ്റേഷനിൽ നിന്നാണ് .കൂടുതൽ യാത്രക്കാർ യാത്ര ചെയ്തതും ഇവിടെ നിന്നുതന്നെ.
നിലമ്പൂർ റോഡിനും ഷൊർണൂരിനും ഇടയിൽ 10 സ്റ്റേഷനുകളാണ് ഉള്ളത്. വാണിയമ്പലം, തൊടികപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനംകുറുശ്ശി എന്നിവയാണിത്. ഈ 10 റെയിൽവേ സ്‌റ്റേഷനുകളിലും വരുമാനത്തിൽ വർധനയുണ്ടായി. വാണിയമ്പലമാണ് കൂടുതൽ വരുമാനം ലഭിച്ച ഹാൾട്ട് സ്‌റ്റേഷൻ. ഏറ്റവും കുറവ് തൊടിയപ്പുലത്തും.
നിലവിൽ കൊച്ചുവേളി – നിലമ്പൂർ റോഡ് ട്രെയിൻ ഉൾപ്പെടെ ഏഴ് ട്രെയിൻ സർവീസുകൾ വീതമാണ് ഇരുവശത്തേക്കുമായി ഉള്ളത്. രാത്രികാല സർവീസും റൂട്ടിലില്ല. മെമു ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ വരികയാണെങ്കിൽ വരുമാനത്തിൽ വലിയ വർധനവുണ്ടാകും. രാത്രികാല വണ്ടികൾ എത്തിയാൽ നാട്ടുകാർക്ക് വലിയ ആശ്വാസവുമായി മാറും. റൂട്ടിലോടുന്ന കോട്ടയം എക്‌സ്‌പ്രസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.