തിരുവനന്തപുരം: ഓണത്തിന് വിലക്കയറ്റം തടയാൻ ഊർജ്ജിത നീക്കങ്ങളുമായി സപ്ലൈക്കോ. ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ വില്‍പന നടത്തും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫര്‍ നല്‍കി വില്‍പന നടത്തും.
ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ സപ്ലൈകോ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവയുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട് ലെറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നല്‍കിയിട്ടുണ്ട്. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വില്‍പന ശാലകളിലും എത്തിക്കും.
സപ്ലൈകോ സ്പെഷ്യല്‍ ഡിസ്ക്കൗണ്ട്
പ്രമുഖ ബ്രാൻഡുകളുടെ 200ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻവിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‍ലറ്ററീസ് തുടങ്ങി ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവ് നല്‍കുന്നു. 255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പായ്ക്കേജും ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോ അവതരിപ്പിക്കുന്നുണ്ട്.
ഓണം ഫെയറുകളിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും വിവിധ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കി വരുന്ന വിലക്കുറവിന് പുറമെ 10% വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് (Deep Discount Hours) എന്ന സെയില്‍സ് സ്കീം ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേർസ്. കൂടാതെ പ്രമുഖ ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ കോമ്പോ ഓഫറുകള്‍ ഉള്‍പ്പെടെയുള്ള ഓഫറുകളും (50% വരെ വിലക്കിഴിവില്‍) ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്.
ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോ നല്‍കുന്ന പ്രധാനപ്പെട്ട ഓഫറുകളില്‍ ചിലത് .
- ITC Sunfeast, Sweat & Salt biscuit 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കും. ITC Sunfeast Yippee Noodles 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
- ITC Moms Magic 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
- Safola Oats 1 KG യ്ക്ക് 300 ഗ്രാം 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
- Kelots Oats 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
- ബ്രാഹ്മിണ്‍സ് അപ്പം/ഇടിയപ്പംപൊടി 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക് ലഭിക്കും.
- ഡാബർ ഹണി ഒരു ബോട്ടില്‍ 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് ലഭിക്കും കൂടാതെ ഒന്ന് ഫ്രീ.
- ഏരിയല്‍ ലിക്വിഡ് ഡിറ്റര്‍ജന്റ് രണ്ട് ലിറ്റർ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക് ലഭിക്കും കൂടാതെ 500 മി.ലി ഫ്രീ.
- നമ്പീശന്‍സ് നെയ്യ് 500 ഗ്രാം 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക് ലഭിക്കും.
- നമ്പീശന്‍സ് നല്ലെണ്ണ 500 ഗ്രാം 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക് ലഭിക്കും.
- ബ്രാഹ്മിണ്‍സ് ഫ്രൈഡ് റവ 1 കിലോ 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക് ലഭിക്കും.
- ബ്രാഹ്മിണ്‍സ് ചമ്പാപുട്ടുപൊടി 1 കിലോ 140 രൂപ വിലയുള്ളത് 118 രൂപയ്ക്ക് ലഭിക്കും.
- ഈസ്റ്റേണ്‍ കായം സാമ്പാര്‍ പൊടി 52 രൂപ വിലയുള്ളഥ് 31.36 രൂപയ്ക്ക് ലഭിക്കും.
- സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ 4 കിലോ 450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് ലഭിക്കും കൂടാതെ ഒരു ബക്കറ്റ് ഫ്രീ.
- സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ 4 കിലോ 445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ലഭിക്കും കൂടാതെ 2 കിലോ ഫ്രീ.
- ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകള്‍) 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക് ലഭിക്കുന്നു.
എ.എ.വൈ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ്
സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സെപ്റ്റംബര്‍ 9 മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സെപ്റ്റംബര്‍ 10 മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. മുന്‍വര്‍ഷങ്ങളിലേതു പോലെ, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് കിറ്റിലെ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥപനമായ മില്‍മ ഉല്‍പാദിപ്പിക്കുന്ന നെയ്യ്, സേമിയ പായസം മിക്സ്, ക്യാഷ്യു ഡവലപ്പ്മെന്റ് കോർപ്പറേഷനില്‍ നിന്നുള്ള കശുവണ്ടിപ്പരിപ്പ്, കേരള കോക്കനട്ട് ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ വെളിച്ചെണ്ണ (കേരജം), സഹകരണ സ്ഥാപനമായ റെയ്ഡ്കോയുടെ ശബരി ബ്രാന്റ് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ശബരി ബ്രാന്റ് തേയില എന്നിവ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും.
എന്‍.പി.എസ്, എന്‍.പി.എന്‍.എസ് കാര്‍ഡുകാര്‍ക്ക് സ്പെഷ്യല്‍ അരി
ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എന്‍.പി.എസ് (നീല), എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും 10 കിലോ അരി 10.90/- രൂപ നിരക്കില്‍ സ്പെഷ്യലായി വിതരണം ചെയ്യും. സെപ്റ്റംബര്‍ മാസത്തെ റേഷനോടൊപ്പമാണ് മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്പെഷ്യല്‍ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 29.76 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും ഉള്‍പ്പെടെ ആകെ 52.38 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സപ്ലൈകോ വഴിയുള്ള അരി വിതരണം 10 കിലോ ആയി വര്‍ദ്ധിപ്പിച്ചു
സപ്ലൈകോ മുഖേന നിലവില്‍ നല്‍കി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വര്‍ദ്ധിപ്പിക്കും. ജയ, മട്ട, കുറുവ, പച്ചരി എന്നീ ഇനങ്ങള്‍ എല്ലാം ചേര്‍ത്ത് പരമാവധി 10 കിലോ അരി സപ്ലൈകോ വില്‍പന ശാലകളില്‍ നിന്നും വിതരണം നടത്തും.