തങ്കലാന്‍ എന്ന സിനിമയുടെ ഹിന്ദി റിലീസുമായി ബന്ധപ്പെട്ടുള്ള പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായകന്‍ പ രഞ്ജിത്തും താരങ്ങളായ പാര്‍വ്വതി തിരുവോത്തും ചിയാന്‍ വിക്രമും എല്ലാം. അതിന്റെ ഭാഗമായി പിങ്ക് വില്ലയുമായി ഒരു മാസ്റ്റര്‍പീസ് സെക്ഷന്‍ സംഘടിപ്പിച്ചിരുന്നു. തങ്കലാന്റെ റീടേക്ക് വിശേഷങ്ങളെ കുറിച്ചും തമിഴ് സ്റ്റൈല്‍ മന്നന്‍ രജിനികാന്തിനെ വച്ച് സിനിമകള്‍ ചെയ്തതിനെ കുറിച്ചും സംസാരിക്കവെ ചില കൗതുകമുള്ള വിശേഷങ്ങള്‍ പ രഞ്ജിത്ത് വെളിപ്പെടുത്തുകയുണ്ടായി.
താന്‍ മനസ്സില്‍ കണ്ട ഷോട്ടിന് വേണ്ടി എത്ര പ്രയാസപ്പെടാനും തയ്യാറായിട്ടുള്ള സംവിധായകനാണ് പ രഞ്ജിത്ത്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നവര്‍ക്ക് അത് ബോധ്യമാവും. ഓരോ സീനിലും പ രഞ്ജിത്ത് ടച്ച് ഉണ്ടാവും. വളരെ ലൈവ് ആയിട്ടാണ് ഓരോ ഷോട്ടും ക്രിയേറ്റ് ചെയ്യുന്നത്. അതിന് വേണ്ടി എത്ര തവണ റീ ടേക്ക് വിളിക്കാനും രഞ്ജിത്തിന് മടിയില്ല. തങ്കലാന്റെ സെറ്റിലും അങ്ങനെ ഒരുപാട് രംഗങ്ങള്‍ ഉണ്ടായിട്ടുണ്ടത്രെ.
ഇരുന്നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരുന്ന സീനിലൊക്കെ, ആരെങ്കിലും ഒരാള്‍ക്ക് പിഴച്ചാല്‍ ആദ്യം മുതലേ എടുക്കും. അങ്ങനെ പത്തൊന്‍പത് റീടേക്കുകളൊക്കെ പോയിട്ടുണ്ട്. അങ്ങനെയൊക്കെ ആണെങ്കിലും, ചിലപ്പോള്‍ ആദ്യം എടുത്ത ഷോട്ട് തന്നെയാവും ചിലപ്പോള്‍ സിനിമയില്‍ വരുന്നത് എന്നാണ് വിക്രം പറയുന്നത്. പക്ഷേ ആര്‍ട്ടിസ്റ്റുകളുടെ എനര്‍ജിയും, മൂഡും അതേ നിലയില്‍ നിലനിര്‍ത്താനും രഞ്ജിത്ത് ശ്രമിക്കാറുണ്ട്.
ചില സീനുകള്‍ ചെയ്താല്‍ സംവിധായകന്റെ മുഖത്ത് നോക്കിയാല്‍ ഓകെയാണോ അല്ലെയോ എന്ന് നമുക്ക് മനസ്സിലാക്കാനായി സാധിയ്ക്കും. പക്ഷേ പ രഞ്ജിത്തിനെ നോക്കിയാല്‍ ഒന്നും മനസ്സിലാവില്ല, സീറോ റിയാക്ഷന്‍ ആയിരിക്കുമെന്ന് പാര്‍വ്വതി തിരുവോത്ത് പറയുന്നു. എന്നാല്‍ ഓരോ ടേക്കിലും എന്നെ അത്ഭുതപ്പെടുത്തുന്ന ആര്‍ട്ടിസ്റ്റുകളുടെ അഭിനയത്തില്‍ താന്‍ ലയിച്ചു പോയി നിന്നു പോകുന്നതാണെന്നാണ് രഞ്ജിത്ത് പറയുന്നത്.
കബാലി, കാല എന്നീ ചിത്രങ്ങളിലാണ് പ രഞ്ജിത്തും രജിനികാന്തും ഒന്നിച്ച് പ്രവൃത്തിച്ചത്. എന്റെ ക്രാഫ്റ്റ് മനസ്സിലാക്കുകയും എന്നിലെ സംവിധായകനെ വിശ്വസിക്കുകയും ചെയ്യാന്‍ രജിനിസാറിന് സാധിച്ചു എന്നാണ് പ രഞ്ജിത്ത് പറയുന്നത്. അതുകൊണ്ട് റീ ടേക്കുകള്‍ ആവശ്യപ്പെടുന്നതില്‍ പ്രയാസമുണ്ടായിരുന്നില്ലത്രെ. തമിഴ് സൂപ്പര്‍ സ്റ്റാറിന് 15 റീ ടേക്കുകള്‍ വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ വിക്രമടക്കം സദസ്സിലെ പലരും ഞെട്ടി. അദ്ദേഹം എന്നെ മനസ്സിലാക്കി എന്നായിരുന്നു രഞ്ജിച്ചിന്റെ പ്രതികരണം. ‘കബാലി ഡ’ എന്ന ഹിറ്റ് ഡയലോഗ് സംവിധായകനെ കൊണ്ട് പറയിപ്പിച്ചതിന് ശേഷം ‘രഞ്ജിത്ത് ഡാ’ എന്ന് പറയുന്ന വിക്രമിന്റെ പ്രശംസയും വേദി ഏറ്റെടുത്തു.