അന്‍വറിന്റെ ധൈര്യത്തിന് പിന്തുണ; സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ; ഇതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് എംഎല്‍എ യു പ്രതിഭ

അന്‍വറിന്റെ ധൈര്യത്തിന് പിന്തുണ; സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ; ഇതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് എംഎല്‍എ യു പ്രതിഭ

സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ പിന്തുണച്ച് കായംകുളം എംഎല്‍എ അഡ്വ. യു. പ്രതിഭ. അന്‍വറിന്‍െ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സര്‍വീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് അവര്‍ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെയും പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രതിഭ ഇക്കാര്യം പറഞ്ഞത്. സിപിഎം അന്‍വറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ ഒരു മാധ്യമത്തോട് പറഞ്ഞു. ആജീവനാന്ത പിന്തുണയാണ് അന്‍വറിന് നല്‍കിയത്. ഈ വിഷയത്തില്‍ ആദ്യം മുതല്‍ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നല്‍കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എ.ഡി.ജി.പിയെ അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തണം. അന്‍വറിന്റെ ധൈര്യത്തിന് പിന്തുണ നല്‍കേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട്.

അന്‍വര്‍ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കേണ്ടത്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അന്‍വറിന് സി.പി.എമ്മില്‍ ആരോടും പക തീര്‍ക്കേണ്ട കാര്യമില്ല. അന്‍വറിനെ ഒറ്റപ്പെടുത്തിയാല്‍ ഇനി ആരും ഇതുപോലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാന്‍ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും പ്രതിഭ പറഞ്ഞു.

അതേസമയം, അന്‍വര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. പാര്‍ട്ടിനിര്‍ദേശം ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. സിപിഎമ്മിനെയും സര്‍ക്കാരിനെയും ആഴ്ചകളായി പ്രതിസന്ധിയിലാക്കിയ വിവാദത്തിനാണ് ശമനമാകുന്നത്.

പ്രതിഷേധവും വിമര്‍ശനവും ജനാധിപത്യത്തിന്റെ മാര്‍ഗങ്ങളാണെന്നും അന്‍വറിനും ആ അവകാശമുണ്ടെന്നുമായിരുന്നു തുടക്കത്തില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. പക്ഷേ, അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ശശിയെയും ഒരുപരിധിവരെ മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് പാര്‍ട്ടി അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *