ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. 144/6 എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോള്‍, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഏഴാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ താന്‍ ബാറ്റിംഗില്‍ ഏറെ ക്ഷീണിതനായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍. ജഡേജ ഇവിടെ തനിക്ക് ഒരു മികച്ച ഉപദേശകനായതിനെ കുറിച്ചും അശ്വിന്‍ തുറന്നുപറഞ്ഞു.
ബാറ്റിംഗിന് ഇടയില്‍ ഞാന്‍ കൂടുതല്‍ വിയര്‍ക്കുന്നതും ക്ഷീണിതനാവുന്നതും ജഡേജ ശ്രദ്ധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മുടെ ടീമിലെ മികച്ച ബാറ്റേഴ്‌സില്‍ ഒരാളാണ് ജഡേജ. മറുവശത്ത് നിലയുറപ്പിച്ച ജഡേജ എന്നോട് വിക്കറ്റിനിടയില്‍ കൂടുതല്‍ ആയാസപ്പെട്ട് റണ്‍ കണ്ടെത്തേണ്ട എന്ന് പറഞ്ഞു.
രണ്ട് റണ്‍ എടുക്കാന്‍ കഴിയുന്നിടത്ത് ആയാസപ്പെട്ട് ഓടി മൂന്നാക്കാന്‍ ശ്രമിക്കേണ്ട എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. ലോങ് ഇന്നിംഗ്സ് കളിക്കണം; റണ്‍സിനായി ഓടി ക്ഷീണിക്കരുത് എന്ന ഉപേദശം എന്നെ ശരിക്കും തുണച്ചു- അശ്വിന്‍ പറഞ്ഞു.
133 ബോളില്‍ 11 ഫോറും 2 സിക്‌സും സഹിതം പുറത്താകാതെ 113 റണ്‍സാണ് വലംകൈയ്യന്‍ താരം നേടിയത്. താരത്തിന്റെ ആറാം സെഞ്ച്വറി പ്രകടനമായിരുന്നു ഇത്. മറുവശത്ത്, അദ്ദേഹത്തിന്റെ ബാറ്റിംഗ് പങ്കാളി രവീന്ദ്ര ജഡേജ 10 ബൗണ്ടറികളും 2 സിക്‌സറുകളും ഉള്‍പ്പെടെ 124 ബോളില്‍ 86 റണ്‍സെടുത്തു.