രക്ഷാപ്രവർത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; അറബിക്കടലിൽ ‘അടിയന്തര ലാന്‍ഡിങ്’; മൂന്ന് പേരെ കാണാതായി

രക്ഷാപ്രവർത്തിന് പോയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; അറബിക്കടലിൽ ‘അടിയന്തര ലാന്‍ഡിങ്’; മൂന്ന് പേരെ കാണാതായി

പോർബന്ദർ: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഹെലികോപ്റ്ററുകളിലൊന്നാണ് അടിയന്തരമായി കടലിലിറക്കേണ്ടിവന്നത്.

രണ്ട് പൈലറ്റുമാരടക്കം നാലുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പൈലറ്റുമാരടക്കം മൂന്ന് പേരെയാണ് കാണാതായെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എണ്ണ ടാങ്കറായ എംടി ഹരിലീലയുടെ സമീപത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് പോയത്. പോർബന്ദർ തീരത്തുള്ള ഹരിലീല മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു എഎൽഎച്ച് ഹെലികോപ്ടർ. ഇതിനിടെ അടിയന്തരമായി ഹെലികോപ്റ്റര്‍ കടലിലിറക്കേണ്ടി വന്നു.

ഹെലികോപ്റ്റര്‍ കടലില്‍ കണ്ടെത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. കാണതായവര്‍ക്കുള്ള തിരച്ചിലിനായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും നിയോഗിച്ചതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഗുജറാത്തിലെ ചുഴലിക്കാറ്റ് സമയത്ത് 67 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടർ കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

‘നാല് ജീവനക്കാരുണ്ടായിരുന്ന ഹെലികോപ്റ്റർ “അടിയന്തര ഹാർഡ് ലാൻഡിങ്” നടത്താൻ നിർബന്ധിതരാകുകയും കടലിലേക്ക് പതിക്കുകയും ചെയ്തു. ഒരു ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്, ബാക്കിയുള്ള മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്’ കോസ്റ്റ് ഗാർഡ് അറിയിച്ചു.

പോർബന്ദറിൽ നിന്ന് 45കിലോമീറ്റർ അകലെയാണ് ഹരിലീല മോട്ടോർ ടാങ്കർ സ്ഥിതി ചെയ്യുന്നത്. ഹരിലീല മോട്ടോർ ടാങ്കറിന്റെ പ്രധാന വെസലിന് സമീപത്തേക്ക് ലാൻഡ് ചെയ്യുന്നതിനിടയിലാണ് ഹെലികോപ്ടർ അറബികടലിൽ പതിച്ചത്. തകർന്ന ഹെലികോപ്ടറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെയും രക്ഷപ്പെട്ടയാളുടെയും കൂടുതൽ വിവരങ്ങൾ കോസ്റ്റ് ഗാർഡ് പുറത്തുവിട്ടിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സേന അറിയിച്ചു. പൈലറ്റുമാർക്കും എയർക്രൂ അംഗങ്ങൾക്കും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കോപ്റ്ററുകളിൽ നിന്ന് രക്ഷപ്പെടാൻ പരിശീലനം നൽകിയിട്ടുള്ളതാമെന്നും. എന്നാൽ ഈ സംഭവത്തിൽ എന്താണ് നടന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. രക്ഷാപ്രവർത്തനത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *