നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്.. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുത് എന്നാണ് ആഗ്രഹം: രേവതി

നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്.. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുത് എന്നാണ് ആഗ്രഹം: രേവതി

ഒരാളെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് നടി രേവതി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു എന്നാണ് രേവതി ഒരു മാധ്യമത്തോട് പ്രതികരിച്ച് സംസാരിച്ചിരിക്കുന്നത്.

രേവതിയുടെ വാക്കുകള്‍:

മലയാളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകള്‍ അല്ല. അതിനപ്പുറത്തേക്ക് ഇത് വളര്‍ന്നു കഴിഞ്ഞു. ഇത് ഇതില്‍ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നല്‍കുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെ കുറിച്ചാണെങ്കിലും മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റു പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചര്‍ച്ച ചെയ്യപ്പെടുന്നത് പോലെ ഗൗരവകരമായ വിഷയമാണ്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്.

സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലെ നാം കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ല ഇത്. പേരും പണവും പ്രശസ്തിയും ഉള്ളിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹം. കുറച്ചു പേര്‍ ചില പേരുകള്‍ വെളിപ്പെടുത്തി. ചര്‍ച്ചകള്‍ വന്നു. അടുത്ത ദിവസം വേറൊരു കാര്യം സംഭവിച്ചു. ശ്രദ്ധയോടെ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ മുന്‍പോട്ടു പോകണം. ഡബ്ല്യൂസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്. സര്‍ക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാവരും സര്‍ക്കാരിനൊപ്പം നിന്നാലെ കാര്യങ്ങള്‍ നടക്കൂ.എല്ലാ സംഘടനകളും അതിനായി മുമ്പോട്ട് വരണം. അതിനാണ് ഞങ്ങള്‍ അഹോരാത്രം പണി എടുക്കുന്നത്. എന്താണ് രാജി? സ്വന്തം ഉത്തരവാദത്തില്‍ നിന്നുള്ള ഒളിച്ചോട്ടം. കാര്യങ്ങള്‍ മനസിലാക്കണം. സംവാദങ്ങള്‍ ഉണ്ടാകണം. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? സമൂഹത്തിന് മുന്നിലാണ് പ്രതിഛായ ഉള്ളത്. ഞങ്ങള്‍ക്കിടയില്‍ അതില്ല. ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്. ഈ പ്രതിഛായ സഹപ്രവര്‍ത്തകര്‍ക്കിടിയലും വേണോ? ഒരുമിച്ചിരുന്ന് സംസാരിച്ചു കൂടെ? ഇന്‍ഡസ്ട്രിയുടെ ഉന്നമനത്തിനാണ് ഈ സംവാദങ്ങള്‍. എനിക്ക് വ്യക്തിത്വം നല്‍കിയത് ഈ ഇന്‍ഡസ്ട്രിയാണ്. എല്ലാവരുമായും എത്ര ഗംഭീര സിനിമകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍.

പിന്നെന്തിനാണ് ഈ ഇമേജ് പേടി? കഴിഞ്ഞ 10 ദിവസങ്ങള്‍ ശരിക്കും ആകെ കോലാഹലമായിരുന്നു. ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകള്‍ നിശബ്ദരാകാന്‍ പോകുന്നില്ല. ഈ തലമുറ അങ്ങനെയാണ്. നിങ്ങളുടെ മണ്ടന്‍ ഉപദേശങ്ങള്‍ വെറുതെ കേട്ടിരിക്കുന്നവരല്ല അവര്‍. അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യും. അതുകൊണ്ട്, ഒരുമിച്ചിരുന്ന് സംസാരിച്ചെ മതിയാകൂ. അവസരങ്ങള്‍ക്ക് വേണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണം. ഇതെങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. എന്തായാലും, കുറച്ചു പേര്‍ എങ്കിലും ഇത് അവസാനിപ്പിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും എന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *