ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള 27കാരി; മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരതിൻ്റെ ലോക്കോ പൈലറ്റ്, വൈറലായി റിതിക

ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള 27കാരി; മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരതിൻ്റെ ലോക്കോ പൈലറ്റ്, വൈറലായി റിതിക

Loco pilot Ritika Tirkey: ബിഹാർ: സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറയുകയാണ് 27 കാരിയായ റിതിക ടിർക്കി. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ടാറ്റാനഗർ – പട്‌ന വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ ലോക്കോ പൈലറ്റായിരുന്നു റിതിക. സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായതിന് പിന്നാലെയാണ് ഇന്ത്യൻ റെയിൽവേയുടെ പുതിയ മുഖങ്ങളിലൊന്നായ വന്ദേ ഭാരതിൻ്റെ ലോക്കോ പൈലറ്റാകാൻ റിതികയ്ക്ക് സുവർണാവസരം ലഭിച്ചത്.

ഉദ്ഘാടന വേളയിൽ വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ലോക്കോ പൈലറ്റാകാൻ സാധിച്ചതിൽ റിതിക സന്തോഷം പങ്കുവച്ചു. ഇന്ത്യയിൽ നിർമിച്ച ഒരു ട്രെയിനിൽ ലോക്കോ പൈലറ്റായി സേവനം ചെയ്യുന്നതിൽ അഭിമാനമുണ്ട്. ദ്രുതഗതിയിലുള്ള വികസനമാണ് ഇന്ത്യൻ റെയിൽവേയിൽ ഉണ്ടാകുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസ് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ടെന്നും മറ്റ് ട്രെയിനുകളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവർ പറഞ്ഞു.

ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള റിതിക റാഞ്ചിയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.. 2019ൽ ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി ജോലി ആരംഭിച്ച റിതിക ബിഐടി മെസ്രയിൽ നിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. ബിരുദം പൂർത്തിയാക്കിയ ശേഷം ജാർഖണ്ഡിലെ ധൻബാദ് ഡിവിഷനിൽ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ബൊക്കാറോയിലെ ചന്ദ്രപുരയിലായിരുന്നു ആദ്യ പോസ്റ്റിങ്. 2021ൽ ടാറ്റാനഗറിൽ റിതിക എത്തി. പിന്നാലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. ചരക്ക്, പാസഞ്ചർ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി ജോലി ചെയ്യുകയും തൻ്റെ കഴിവും പ്രതിബദ്ധതയും തെളിയിക്കുകയും ചെയ്തു.

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അത്യാധുനികമാണെന്ന് റിതിക പറഞ്ഞു. മറ്റ് ട്രെയിനുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഓരോ കോച്ചിലും സിസിടിവി കാമറകൾ, ഫയർ അലാറങ്ങൾ, ലോക്കോ പൈലറ്റുമായി ആശയവിനിമയം നടത്താൻ യാത്രക്കാർക്കായി എമർജൻസി ടോക്ക് ബാക്ക് സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓട്ടോമേറ്റഡ് സിസ്റ്റത്തിലാണ് ഓടുന്നത്. സിഗ്നൽ നൽകാൻ കൊടി ഉപയോഗിക്കുന്നതിനുപകരം ട്രെയിനിൽ നിന്നുള്ള ചുവപ്പ്, പച്ച ബട്ടണുകൾ അമർത്തി സിഗ്നലുകൾ നൽകാമെന്ന് ടിർക്കി പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്പ്രസിൽ ലോക്കോ പൈലറ്റാകുന്ന ജാർഖണ്ഡിലെ ആദ്യ ആദിവാസി വനിതാ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റാണ് റിതികയെന്ന് അധികൃതർ അറിയിച്ചു. റിതിക മുൻപ് ഗുഡ്‌സ്, പാസഞ്ചർ ട്രെയിനുകളുടെ ലോക്കോ പൈലറ്റായിരുന്നുവെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ (ഇസിആർ) പ്രസ്താവനയിലൂടെ വ്യക്തമാക്കി. വന്ദേ ഭാരത് എക്‌സ്പ്രസിൽ ലോക്കൊ പൈലറ്റായി ജോലി ചെയ്യുന്ന റിതികയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *