സെയ്ഫ് അലിഖാനെ സഹായിച്ചത് പാരിതോഷികം പ്രതീക്ഷിച്ച് അല്ലെന്ന് ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിങ് റാണ. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്‍ ആശുപത്രി വിടുന്നതിന് മുമ്പായി റാണ ആശുപത്രിയിലെത്തി സെയ്ഫിനെ കണ്ടിരുന്നു. തനിക്ക് ഒരു തുക അദ്ദേഹം പാരിതോഷികമായി തന്നു, എന്നാല്‍ അത് എത്രയാണെന്ന് താന്‍ വെളിപ്പെടുത്തില്ല എന്നാണ് റാണ പറയുന്നത്.
ആശുപത്രി വിടുന്നതിന് മുമ്പ് സെയ്ഫ് അലിഖാനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ചു, അമ്മ ഷര്‍മിള ടാഗോറിന് പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ അവരുടെ കാലില്‍ തൊട്ട് വന്ദിച്ചു. അവര്‍ എന്നെ അനുഗ്രഹിച്ചു, നന്നായി വരുമെന്ന് പറഞ്ഞു. സെയ്ഫും നന്ദി പറഞ്ഞു, കൂടെ നിന്ന് ഫോട്ടോ എടുത്തു. ഭാവിയില്‍ എന്ത് ആവശ്യത്തിനും കൂടെയുണ്ടാവും എന്ന് പറഞ്ഞു.
ഒരു തുക കൈയില്‍ തന്നു, എന്ത് ആവശ്യമുണ്ടെങ്കിലും ബന്ധപ്പെടണം എന്ന് പറഞ്ഞു. അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ, കൈയിലുണ്ടായിരുന്ന തുകയാണ് നല്‍കിയത്. അത് എത്രയാണെന്ന് ഞാന്‍ പറയില്ല. അത് എനിക്കും സെയ്ഫിനും ഇടയിലുള്ള രഹസ്യമാണ്. അതൊരു പാരിതോഷികമൊന്നും അല്ല, അദ്ദേഹത്തിന്റെ അപ്പോഴത്തെ സന്തോഷമായിരുന്നു അത്.
ആളുകള്‍ എന്തും പറഞ്ഞുപരത്തിക്കോട്ടെ, സെയ്ഫ് എനിക്ക് അമ്പതിനായിരമോ ഒരുലക്ഷമോ എത്രയോ തന്നെന്ന്. ഞാന്‍ അതിനോടൊന്നും പ്രതികരിക്കാനില്ല. അക്കാര്യം പുറത്തുപറയില്ല എന്ന് ഞാന്‍ സെയ്ഫിന് വാക്ക് നല്‍കിയതാണ്. അന്ന് ഓട്ടോയില്‍ കയറിയത് സെയ്ഫാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആപത്തില്‍പെട്ട് ഒരാളെ സഹായിക്കണം എന്ന് ഉണ്ടായിരുന്നുള്ളൂ.
ഓട്ടത്തിന്റെ കാശ് പോലും വാങ്ങാതെയാണ് അന്ന് മടങ്ങിയത്. ഞാന്‍ ചെയ്ത പ്രവൃത്തിക്ക് പാരിതോഷികം വേണം എന്ന് ഞാനൊരിക്കലും ആഗ്രഹിക്കില്ല.. ആവശ്യപ്പെടില്ല, അങ്ങനെയൊരു അത്യാഗ്രഹിയായ മനുഷ്യനല്ല ഞാന്‍. എന്നാല്‍, അദ്ദേഹം സന്തോഷത്തോടെ ഒരു ഓട്ടോറിക്ഷ സമ്മാനമായി നല്‍കിയാല്‍ അതിനേക്കാള്‍ സന്തോഷത്തോടെ സ്വീകരിക്കും എന്നാണ് റാണ പറയുന്നത്.