മരണഭീതി തന്നെയാണ്.. എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്..; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

മരണഭീതി തന്നെയാണ്.. എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്..; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

പിറന്നാള്‍ ദിനത്തില്‍ നടന്‍ സലിം കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ”ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല” എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് പ്രേക്ഷകരെ ആശങ്കയില്‍ ആക്കിയിരുന്നു. താരത്തിന് എന്തെങ്കിലും അസുഖമാണോ എന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

50 വയസ് കഴിഞ്ഞാല്‍ വാര്‍ധക്യമായി മരണത്തിന്റെ നിഴലില്‍ തന്നെയാണ് താനും മറ്റെല്ലാവരും. എല്ലാവരെ പോലെയും തനിക്കും ആ ചിന്തയുണ്ട് എന്നാണ് സലിം കുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. പിറന്നാള്‍ ഒരു വൈകാരിക മുഹൂര്‍ത്തമാണ്. ഒരു വയസ് കൂടി നമുക്ക് കൂടുകയാണ്. തനിക്ക് 54 കഴിഞ്ഞ് 55 വയസിലേക്ക് യാത്ര തുടരുകയാണ്.

50 വയസ് കഴിഞ്ഞാല്‍ വാര്‍ധക്യമായി എന്നാണ് പറയുന്നത്. അപ്പോള്‍ മരണത്തിലേക്കുള്ള യാത്രയില്‍. മരണത്തിന്റെ നിഴലില്‍ തന്നെയാണ്. ഞാന്‍ മാത്രമല്ല, എല്ലാവരും. അതല്ലേ ഈ വാര്‍ധക്യത്തില്‍ ആളുകള്‍ കാശിക്ക് പോകുന്നതും സന്യാസ ജീവിതത്തിലേക്കൊക്കെ പോകാന്‍ ആഗ്രഹിക്കുന്നതും.

മരണഭീതി തന്നെയാണ് അല്ലാതെ വേറെയൊന്നുമല്ല. അതാണീ വാനപ്രസ്ഥത്തിലേക്കൊക്കെ ആളുകള്‍ കടക്കുന്നത്. എല്ലാവരെയും പോലെ തനിക്കുമുണ്ട് അത്തരം ചിന്തകള്‍. അതുകൊണ്ടാണ് ഇത്തരമൊരു വൈകാരികമായ കുറിപ്പ് ഇട്ടത് എന്നാണ് സലിം കുമാര്‍ പറയുന്നത്.

സലിം കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് എന്റെ സഹയാത്രികര്‍ എനിക്ക് നല്‍കിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റു.

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്നേഹപൂര്‍വ്വം നിങ്ങളുടെ സലിം കുമാര്‍.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *