ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പോലൊന്ന് തെലുങ്ക് സിനിമാ മേഖലയിലും വേണമെന്ന് സാമന്ത. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തും ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുമാണ് താരം രംഗത്തെത്തിയത്. സമാനമായ ഒന്ന് തെലങ്കാന സര്‍ക്കാരും കൊണ്ടുവരണമെന്നാണ് സാമന്തയുടെ ആവശ്യം.
തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ അടക്കം പുറത്തു വരേണ്ടതുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരമൊരു നീക്കം ഏറെ സഹായകമാണ് എന്നാണ് സാമന്ത അഭിപ്രായപ്പെട്ടിരിക്കുന്നത്.
തെലുങ്ക് സിനിമയിലെ വനിതകള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ഡബ്ല്യൂസിസി അവരുടെ പ്രയത്‌നങ്ങള്‍ക്ക് തീര്‍ച്ചായായും കയ്യടി അര്‍ഹിക്കുന്നുണ്ട്. ചരിത്ര പ്രധാനമായ ഒരു നീക്കത്തിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിച്ചത് അവരാണ്. തെലങ്കാന സര്‍ക്കാരിനോട്, ഞങ്ങള്‍ ഒരാവശ്യം മുന്നോട്ടുവയ്ക്കുകയാണ്. തെലുങ്ക് സിനിമ മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം. സുരക്ഷിതമായ ഒരു തൊഴിലിടത്തിന് അത് അനിവാര്യമാണ് എന്നാണ് സാമന്ത പറയുന്നത്.
അതേസമയം, തെലുങ്ക് സിനിമാ രംഗത്ത് രൂപീകരിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വോയ്‌സ് ഓഫ് വിമന്‍ എന്ന സംഘടന. വോയ്‌സ് ഓഫ് വിമനിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാന്‍ സമഗ്ര നയരൂപീകരണം വേണം എന്നും വോയ്സ് ഓഫ് വിമന്‍ ആവശ്യപ്പെടുന്നുണ്ട്.