സാംസങ് ഗ്യാലക്സി ബഡ്സ് എഫ്ഇ പൊട്ടി തെറിച്ച് പെൺസുഹൃത്തിന് കേൾവി നഷ്ട്ടപ്പെട്ട സംഭവത്തിൽ പരാതിയുമായി ടർക്കിഷ് യുവാവ്. സാംസങ്ങിൻ്റെ ടർക്കിഷ് കമ്മ്യൂണിറ്റി ഫോറത്തിലാണ് യുവാവ് ഈ വിവരം പങ്കുവച്ചത്. ഇയർബഡ് പൊട്ടിത്തെറിച്ചതിന് ശേഷം സുഹൃത്തിന് സ്ഥിരമായി കേൾവിശക്തി നഷ്ടപ്പെട്ടെന്നാണ് യുവാവിൻ്റെ പരാതി
സാംസങ് എസ് 23 അൾട്രയുമായി പെയർ ചെയ്യാനായി ടർക്കിഷ് യുവാവ് വാങ്ങിയ സാംസങ് ഗ്യാലക്സി ബഡസ് എഫ്ഇ ആണ് പൊട്ടി തെറിച്ചത്. 36 ശതമാനം ചാർജുണ്ടായിരുന്ന ഇയർബഡ് വാങ്ങിയിട്ട് ഒരിക്കൽ പോലും ചാർജ് ചെയതിട്ടില്ല. ഇയർബഡിൻ്റെ പ്രവർത്തനം മനസ്സിലാക്കാനായി തൻ്റെ സുഹൃത്ത് വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കെയാണ് ഇയർബഡ് പൊട്ടി തെറിച്ചതെന്നാണ് യുവാവിൻ്റെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ഇയർബഡ്‌സിൻ്റെ ഇൻവോയ്‌സ്, സ്ഫോടനത്തിൻ്റെ തീയതി, പൊട്ടിത്തെറിക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ, സ്ഫോടനം മൂലമുള്ള കേൾവിക്കുറവ് എന്നിവ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് തൻ്റെ പക്കലുണ്ടെന്ന് യുവാവ് പറഞ്ഞു. സംഭവത്തിൽ കമ്പനിയ്ക്ക് പരാതി നൽകിയെങ്കിലും അവർ കൃത്യമായി മറുപടി നൽകിയില്ലെന്നും വേണമെങ്കിൽ ഇയർബഡ് മാറ്റി നൽകാം എന്നാണ് കമ്പനി അധികൃതരുടെ പ്രതികരണമെന്നും യുവാവ് പറഞ്ഞു. അതേസമയം, വിവിധ കമ്പനികളിൽ നിന്നുള്ള ഉപകരണങ്ങൾ ഇത്തരം ദുരന്തങ്ങളിൽ കലാശിക്കുന്നത് ഇതാദ്യമല്ല.