സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടുമ്പോള്‍ പലരും അതിന്റെ മൂല്യത്തെ കുറച്ചു കാണാനാണ് ആഗ്രഹിച്ചത്. ഇന്ത്യയിലെയൊരു ഫ്‌ലാറ്റ് ട്രാക്കില്‍ ദുര്‍ബലമായൊരു ബോളിംഗ് നിരക്കെതിരെ എന്ന രീതിയില്‍ വന്ന വിശകലനങ്ങളുടെ ആധികാരികത കാറ്റില്‍ പറത്തി കൊണ്ടയാള്‍ സൗത്ത് ആഫ്രിക്കയില്‍ അവര്‍ക്കെതിരെയൊരു തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ് പ്രതികരിക്കുന്നത്. അര്‍ഹിക്കുന്ന ബഹുമാനം പിടിച്ചു വാങ്ങുന്നു.
ഈ ഇന്നിങ്‌സിന്റെ പ്രത്യേകത സഞ്ജു ബൗളറുടെ ലൈന്‍ കണക്കുകൂട്ടിയ രീതിയാണ്. പിക്ക്‌സ് ദ ലൈന്‍ ഏര്‍ലി, ഫ്രണ്ട് ഫുട്ട് ക്ലിയര്‍ ചെയ്യുന്നു, ദെന്‍ ലൈനിലൂടെ തന്നെ ഷോട്ട് കളിക്കുന്നു. യാന്‍സനെതിരെ ലോങ്ങ് ഓണിനു മുകളിലൂടെ കളിച്ചൊരു പിക്കപ്പ് ഷോട്ടും ലെഗ് സ്പിന്നര്‍ക്കെതിരെ ലോങ്ങ് ഓഫിനു മുകളിലൂടെ പറത്തിയ സിക്‌സറും അയാളുടെ ക്ളാസും പവറും വെളിപ്പെടുത്തുന്നതായിരുന്നു. ലെഫ്റ്റ് ആം സ്പിന്നര്‍ക്കെതിരെ ഓഫ് സൈഡ് തുറന്നു കൊണ്ട് മനോഹരമായ ലോഫ്റ്റഡ് ഷോട്ടുകള്‍, പേസര്‍ ആയാലും സ്പിന്നറായാലും ഷോര്‍ട്ട് ആയി പിച്ച് ചെയ്താലുടന്‍ ബാക്ക് ഫുട്ടില്‍ മിഡ് വിക്കറ്റിനു മുകളിലൂടെ പവര്‍ഫുള്‍ ഹിറ്റുകളാണ് മറുപടി.
ഷോട്ട് ഓഫ് ദ മാച്ച് വരുന്നേയുണ്ടായിരുന്നുള്ളൂ. സിമലെനിയുടെ ഓഫ് സ്റ്റമ്പിന് പുറത്തു വന്നൊരു സ്ലോട്ട് ബോള്‍ അനായാസകരമായി, മനോഹരമായി വൈഡ് ലോങ്ങ് ഓണിനു മുകളിലൂടെ ലോഫ്റ്റ് ചെയ്യുമ്പോള്‍ ആസ്വദിക്കുക എന്ന ഓപ്ഷന്‍ മാത്രമേ കണ്ടിരിക്കുന്നവര്‍ക്കും എതിരാളികള്‍ക്കും മുന്നിലുള്ളൂ.
മാനേജ് മെന്റിന്റെയും ക്യാപ്റ്റന്റെയും പൂര്‍ണ പിന്തുണ ലഭിച്ചു തുടങ്ങിയാല്‍ കളിക്കാരന്റെ ആത്മവിശ്വാസം എത്രത്തോളം ഉയരുമെന്നതിനു വേറെ ഉദാഹരണം വേണ്ട. സഞ്ജു സാംസണെ മാത്രം ശ്രദ്ധിക്കുക. കോണ്‍ഫിഡന്‍സ് അറ്റ് ഇറ്റ്‌സ് പീക്.. കിംഗ്‌സ് മെയ്ഡിനെ ത്രസിപ്പിച്ച സ്‌പെഷ്യല്‍ ഇന്നിങ്ങ്‌സ്. ടി ട്വന്റിയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍. ടെക് എ ബൗ, സഞ്ജു..